അനീഷ എം എ: സബ് എഡിറ്റർ
കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി. ലോറന്‍സിന്റെ മക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി പറഞ്ഞത്. വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും സിവില്‍ സ്വഭാവമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മധ്യസ്ഥനെ നിയോഗിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്ന് മക്കളോട് ഹൈക്കോടതി പറഞ്ഞു.
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്കിയ സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന് ബെഞ്ച് മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചത്. മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വാദത്തിനിടെ പറഞ്ഞു. എം എം ലോറന്‍സിന്റെ മക്കളായ ആശാ ലോറന്‍സും സുജാതയും സമര്‍പ്പിച്ച ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹര്‍ജിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.