തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ പുറത്തു വിടുന്നതില്‍ വിധി പറയല്‍ വിവരാവകാശ കമ്മീഷന് നീട്ടിവെച്ചു. കമ്മീഷണറുടെ മുന്നില്‍ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയല്‍ നീട്ടിവെച്ചത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
വിധി പറയുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവരങ്ങള്‍ പുറത്തുവിടുന്നത് നീട്ടി കൊണ്ടുപോകാനാണ് നീക്കമെന്നാണ് ഈ വിധി മാറ്റത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ അപ്പീലുകള്‍ പരിഗണിച്ചാണ് വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചത്. 295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന് ഉത്തരവിട്ടത്. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത പേജുകള്‍ പുറത്തുവരണമെന്നായിരുന്നു ഹിയറിങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനമായി ഉന്നയിച്ചത്. എന്നാൽ വിഷയത്തിൽ വിധി പറയൽ കമ്മീഷൻ മാറ്റിവെക്കുകയായിരുന്നു.