ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളും ഡിഎംകെ സഖ്യകക്ഷികളും. സംഭവത്തിൽ ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
സംഭവത്തിൽ കാമ്പസിലെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്ത് ജീവനക്കാരും വിദ്യാർത്ഥികളും രംഗത്ത് വന്നു. കാമ്പസിൽ നിരവധി സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നും എന്നാൽ ശരിയായ നിരീക്ഷണ സംവിധാനം ഇല്ലാതെ അവ ഫലപ്രദമല്ലെന്ന് ഒരു വിഭാഗം പറഞ്ഞു.
ടി.വി.കെ പ്രസിഡന്റ് വിജയ്, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, എ.എം.എം.കെ ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ, മറ്റ് പല പാർട്ടി നേതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അണ്ണാ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിക്ക് ഇത്തരമൊരു ക്രൂരത ഉണ്ടായത് ലജ്ജാകരമാണെന്ന് വിമർശനം രേഖപ്പെടുത്തി. ഡിഎംകെ സർക്കാരിനു കീഴിൽ തമിഴ്നാട് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലവും കുറ്റവാളികളുടെ സങ്കേതവുമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു.
അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ തിങ്കളാഴ്ച രാത്രി ക്യാമ്പസിനുള്ളിൽ വെച്ച് രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡിസംബർ 23 ന് രാത്രി 8 മണിയോടെയാണ് സംഭവം. പെൺകുട്ടിയും സുഹൃത്തും ഒരുമിച്ച് ഇരിക്കുമ്പോൾ വന്ന അക്രമികൾ സുഹൃത്തിനെ ആക്രമിക്കുകയും പിന്നീട് യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ബുധനാഴ്ച ഒരു പ്രതിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കാമ്പസുമായി ബന്ധമില്ലാത്ത കോട്ടൂർപുരം സ്വദേശിയാണ് ബലാത്സംഗത്തിന് അറസ്റ്റിലായത്.

വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളോട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയൻ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവകലാശാലാ തലത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അണ്ണാ യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചു.