ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2024 കടന്നു പോകുന്നത്. നിലവിലുണ്ടായിരുന്ന സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു സംസ്ഥാനം 2024ൽ കടന്ന് പോയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്നത് ഈ വർഷമായിരുന്നു. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്സഭാ എംപി ആയി. ഇതോടെ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ഉൾപ്പെടെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. 18 സീറ്റുകളുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയപ്പോൾ മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ ജയിച്ച ആലത്തൂരിലെ ഒരേ ഒരു സീറ്റാണ് എൽഡിഫിന് നിലനിർത്താനായത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി ശശി തരൂർ എംപിയും ആനി രാജയെ പരാജയപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും ലോക്സഭാ പ്രാതിനിധ്യം നിലനിർത്തി. അമേഠിയിലും വിജയക്കൊടി പാറിച്ച രാഹുൽ ഗാന്ധി സീറ്റൊഴിഞ്ഞതോടെ വയനാട്ടിലും, മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനൊപ്പം എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് ചുവട് മാറ്റിയതോടെ പാലക്കാടും ചേലക്കരയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനും കളമൊരുങ്ങി.
വയനാട്ടിലും ചേലക്കരയിലും നവംബർ 13 നും കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് നവംബർ 20 നുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രിയങ്ക ഗാന്ധി രാഹുലിന്റെ പിൻഗാമിയായി നാലരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉജ്വല വിജയം നേടിയത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിലൂടെ യുഡിഎഫും ചേലക്കരയിൽ യു ആർ പ്രദീപിലൂടെ എൽഡിഎഫും സീറ്റ് നിലനിർത്തി. ഏതാനും ചില രാഷ്ട്രീയ കാലു മാറ്റങ്ങൾക്കും 2024 സാക്ഷ്യം വഹിച്ചു.പാലക്കാട്ടെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടയിൽ നടന്ന അപ്രതീക്ഷിത ട്വിസ്റ്റ് ആയിരുന്നു സരിന്റെ ഇടതു പ്രവേശനം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സരിൻ കോൺഗ്രസിൽ നിന്ന് രാജിവക്കുകയായിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വക്താവ് സന്ദീപ് വാര്യർ നടത്തിയ കൂടുമാറ്റം ആയിരുന്നു മറ്റൊരു ട്വിസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം ചേരുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അപ്രതീക്ഷിതമായായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് എൻട്രി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രചാരണ വേദികളിലും സന്ദീപ് വാര്യർ സജീവമായി.
വിവാദങ്ങള് കൊണ്ട് എന്നും ചർച്ചകളിൽ ഇടംപിടിച്ചിരുന്ന പിസി ജോർജിന്റെ ബിജെപി പ്രവേശനവും കോൺഗ്രസ് നേതാവ് കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക് ചേക്കേറിയതും ഈ വർഷമായിരുന്നു. പാർട്ടിയിൽ നിന്നും അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും നേതാക്കളുമായുള്ള പ്രശ്നങ്ങൾ കാരണമാണ് പാർട്ടി വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. 2024ലെ പ്രധാനപ്പെട്ട രാഷ്ട്രീയ ചൂവടുമാറ്റമായിരുന്നു പി വി അൻവർ എംഎൽഎയുടേത്. മുഖ്യമന്ത്രിയെ ചതിയനെന്നും ആർഎസ്എസ് പ്രീണകനെന്നും വിളിച്ച അന്വർ ഇടതുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള് കാരണം അതുണ്ടായില്ല. പകരം ഡിഎംകെ എന്ന കൂട്ടായ്മ രൂപീകരിച്ചു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. അൻവറിന്റെ തുടർ രാഷ്ട്രീയ നിലപാടുകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 2024ൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദമായിരുന്നു തൃശൂർ പൂരം. പൂരത്തിനിടെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. ഏപ്രിൽ 21ന് പുലർച്ചെ മൂന്നിന് നടക്കാനിരുന്ന കരിമരുന്ന് പ്രയോഗത്തിന് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ രാത്രി 10ന് സ്വരാജ് റൗണ്ടിൽ പൊലീസ് ബാരിക്കേഡ് വെച്ചടാണ് പ്രശ്നങ്ങളുടെ തുടക്കം. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പൂരനഗരിയിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു. അന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകൻ പൂരം കമ്മിറ്റിക്കാരെ വെടിക്കെട്ട് മൈതാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചത് തർക്കത്തിലേക്ക് നയിച്ചു. സംഭവസ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയതോടെയാണ് പ്രശ്നം അതിന്റെ രാഷ്ട്രീയ മാനത്തിലേക്ക് എത്തുന്നത്.
സർക്കാർ വിഷയത്തിൽ ത്രിതല അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നാണ് പറയുന്നത്. ഇതോടെ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയിരിക്കുകയാണ്. ‘പൂരം കലക്കൽ’ പൊലീസിന്റെ തിരക്കഥയാണെന്ന് ആക്ഷേപങ്ങളുയരുന്ന സന്ദർഭത്തിലായിരുന്നു എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ രഹസ്യ വിവരങ്ങൾ കൂടി പുറത്തു വരുന്നത്. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, രാം മാധവ് എന്നിവരുമായാണ് അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊഴുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ദ ഹിന്ദുവിന് നൽകിയ അഭിമുഖവും കൈവിട്ടുപോകുന്നത്. സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയെകുറിച്ച് നടത്തിയ പരാമർശം മുഖ്യമന്ത്രിയെ വീണ്ടും വെട്ടിലാക്കി. മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണങ്ങളോട് പ്രതികരിക്കാതെ വിട്ടുനിൽക്കാൻ ശ്രമിച്ചെങ്കിലും പിആർ ഏജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തരത്തിൽ ഹിന്ദു പുറത്തിറക്കിയ വാർത്താ കുറിപ്പ് വിവാദത്തിന് ആഴം കൂട്ടി.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വനിതാ നേതാക്കളുടെ ഉൾപ്പെടെ ഹോട്ടൽ റൂമുകളിൽ പാതിരാത്രി നടന്ന പൊലീസ് റെയ്ഡ് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കള്ളപ്പണം എത്തിച്ചെന്ന സംശയത്തിന്റെ പേരിൽ നവംബർ അഞ്ചിന് രാത്രി ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് വനിതാ രാഷ്ട്രീയ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു പൊലീസിന്റെ പരിശോധന. ആദ്യഘട്ടത്തിൽ തങ്ങളുടെ വിവേകമായി സിപിഎം കണ്ട ഓപ്പറേഷൻ പിന്നീട് അവിവേകമായി അവർക്ക് തന്നെ തോന്നുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തരത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിവാദമായിരുന്നു കാഫിർ സ്ക്രീൻഷോട്ട്. വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പാണ് വിവാദത്തിന്രെ പാശ്ചാത്തലം. യുഡിഎഫിന്റെ ഷാഫി പറമ്പിലും എൽഡിഎഫിന്റെ ശൈലജ ടീച്ചറും തമ്മിലായിരുന്നു മത്സരം. ഷാഫിക്ക് വോട്ട് ചോദിച്ചെന്ന തരത്തിൽ പ്രചരിച്ച ഒരു സ്ക്രീൻഷോട്ട് ആണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നത്. അഞ്ചു നേരം നിസ്കരിക്കുന്ന ഷാഫി പറമ്പിലിന് വോട്ട് ചെയ്യണോ അതോ എതിർപക്ഷത്ത് മത്സരിക്കുന്ന കാഫിർ ആയ സ്ത്രീക്ക് വോട്ട് ചെയണോ എന്നായിരുന്നു സ്ക്രീൻഷോട്ടിന്റെ ഉള്ളടക്കം. ഈ വിവാദവും തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഗുണം ഉണ്ടാക്കിയില്ല എന്ന് മാത്രവുമല്ല, ദോഷമായി ഭവിക്കുകയും ചെയ്തു. സിപിഎമ്മിന് ഏറെ തലവേദനകൾ സൃഷ്ടിച്ച മറ്റൊരു കൂടിക്കാവ്ചയായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവ് ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച. 2024 ന്റെ അവസാനം കേരളത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു എഡിഎം നവീൻ ബാബുവിന്റെ മരണം. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ സിപിഎം ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ നടത്തിയ പ്രസംഗത്തിന് പുറകെ അദ്ദേഹം ആത്മഹത്യ ചെയ്ത സംഭവം കോരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ജോലിയുടെ സത്യസന്ധതയും ധാർമികതയും ചോദ്യം ചെയ്യപ്പെട്ട മനോവിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നും ഇതിന് കാരണം യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ നടത്തിയ തേജോവദവുമാണെന്ന് കുടുംബം വാദിച്ചു. എന്നാൽ തെറ്റുകൾ ചൂണ്ടി കാണിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
എന്നാൽ ഇവർ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയതാണെന്ന കാര്യം സംഭവം ആസൂത്രിതമായിരുന്നുവെന്ന നിഗമനങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. പ്രതിഷേധം ശക്തമായതിനു ശേഷമാണ് ദിവ്യക്കെതിരെയും പാർട്ടി നടപടിയെടുത്തത്. കേസിൽ ദിവ്യ പിന്നീട് റിമാന്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തു. മുനമ്പം ഭൂമിയിൽ ഉടലെടുത്ത വിവാദങ്ങളും 2024 സാക്ഷ്യം വഹിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് തന്നെയാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോഴും തങ്ങളുടെ ഭൂമിയിൽ തങ്ങൾക്ക് മാത്രമാണ് അവകാശമെന്ന് മുനമ്പം ജനത പറയുന്നു. അവർ ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള സമരത്തിലും ആണ്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള റോഡിലെ യുദ്ധവും ഈ വർഷം തന്നെയായിരുന്നു. കേന്ദ്രവും സംസ്ഥാന സർക്കാരും ഒട്ടേറെ വിഷയങ്ങളിൽ കൊമ്പുകോർക്കപ്പെട്ടതും 2024ൽ ആയിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. സംസ്ഥാനം ഇനിയും കടക്കുവാൻ പോകുന്നത് ഒരു തെരഞ്ഞെടുപ്പ് കാലത്തേക്കാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ 2025ൽ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരവും കുറഞ്ഞുവരുന്നു. അതുകൊണ്ട് തന്നെ വരുന്ന വർഷവും രാഷ്ട്രീയ വിവാദങ്ങളാൽ സമ്പന്നമാകുമെന്നതിൽ തർക്കമില്ല.