ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍, ഫെബ്രുവരി മാസത്തോടെ കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കാനൊരുങ്ങുന്നതായി സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു മുതലായ നിരവധി നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരെ നിരാശപ്പെടുത്തിയിരുന്നു. ‘തുടര്‍ച്ചയായ കോള്‍ ഡ്രോപ് പ്രശ്നങ്ങള്‍ കാരണം ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ വിടുന്നതായി ഞങ്ങള്‍ക്ക് അറിവുണ്ട്. അതിനാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
ഫെബ്രുവരി മാസത്തോടെ കോള്‍ ഡ്രോപ് പ്രശ്നങ്ങള്‍ പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ’യെന്നും പേര് വെളിപ്പെടുത്താത്ത ബിഎസ്എന്‍എല്‍ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2024 ജൂലൈ മാസം വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയർത്തിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ ബിഎസ്എന്‍എല്ലിലേക്ക് പുതിയ സിം എടുത്തും പോര്‍ട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയും ചെയ്തിരുന്നു.
എന്നാല്‍ ഈ പുതിയ യൂസര്‍മാരെ നിരാശപ്പെടുത്തുന്ന സേവനമാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ബിഎസ്എന്‍എല്ലിന്റെ മോശം നെറ്റ്വര്ക്കില് നിരാശരായി പഴയ ടെലികോം കമ്പനികളിലേക്ക് വീണ്ടും മടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യത്ത് കാണുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വെറും 3.1. ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ സിം ഉപേക്ഷിച്ചതെങ്കില്‍ ഒക്ടോബറില്‍ ഇത് 5.1 ലക്ഷം ആയി ഉയര്‍ന്നു. 4.6 ലക്ഷം മാത്രം പുതിയ ഉപഭോക്താക്കളെ കഴിഞ്ഞ നവംബറില്‍ ബിഎസ്എന്‍എല്ലിന് ലഭിച്ചപ്പോള്‍ 8.7 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്നാണ് ട്രായ്യുടെ കണക്ക്.