ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, എച്ച്ഡി കുമാരസ്വാമി, പിയൂഷ് ഗോയൽ, മനോഹർ ലാൽ, ജിതൻ റാം മാഞ്ചി, ഹർദീപ് സിങ് പുരി ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഭാരത് മണ്ഡപത്തിൽ ആയിരുന്നു വാഹന മമാങ്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. ഇതിൽ വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, ഘടക ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം 100 പുതിയ ലോഞ്ചുകൾ ഉൾപ്പെടെ നിരവധി മോഡലുകൾ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാഹനകുലപതി പരേതനായ രത്തൻ ടാറ്റയുടെയും സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ മുൻ ചെയർമാനായിരുന്ന പരേതനായ ഒസാമു സുസുക്കിയുടെയും പാരമ്പര്യം ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ മൊബിലിറ്റി മേഖലയുടെ വളർച്ചയ്ക്ക് അവരുടെ സംഭാവനകൾ വലിയ പ്രചോദനമാണെന്നും അദ്ധേഹം പറഞ്ഞു. പല ഘടകങ്ങൾ രാജ്യത്തെ വാഹന മേഖലയുടെ വളർച്ചയെ പ്രേരിപ്പിക്കുമെന്നും രാജ്യത്തെ വലിയ ജനസംഖ്യ, വളരുന്ന മധ്യവർഗം, അതിവേഗ നഗരവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ സർക്കാർ നീക്കിവച്ചിരുന്നുവെന്നും വാഹനങ്ങളുടെ ഡിമാൻഡിലെ വളർച്ചയും ഗവൺമെൻ്റിൻ്റെ ഇൻഫ്രാസ്ട്രക്ചർ ചെലവുകളാൽ നയിക്കപ്പെടുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപം, യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെൻ്റർ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് അഞ്ച് ദിവസത്തെ എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ ഷോയിൽ 5,100 അന്തർദേശീയ പങ്കാളികളുണ്ടാകും. കൂടാതെ ലോകമെമ്പാടുമുള്ള അഞ്ചുലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൊത്തത്തിൽ, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ, 2025 ൻ്റെ ഈ പ്രധാന ആകർഷണത്തിൽ 40-ലധികം പുതിയ ഉൽപ്പന്ന ലോഞ്ചുകൾ പ്രതീക്ഷിക്കുന്നു. ഘടക ഷോയിൽ 60-ലധികം പുതിയ ഉൽപ്പന്നങ്ങളും സാങ്കേതിക ലോഞ്ചുകളും പ്രതീക്ഷിക്കുന്നു.
നിരവധി കമ്പനികൾ അവരുടെ കാറുകൾ, ബൈക്കുകൾ, ബസുകൾ, ആംബുലൻസുകൾ തുടങ്ങി നിരവധി മോഡലുകൾ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് 34 ഓട്ടോമൊബൈൽ കമ്പനികൾ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ പങ്കെടുക്കുന്നത്.
1986ൽ നടന്ന ഓട്ടോ എക്സ്പോയുടെ ആദ്യ പതിപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഹ്യുണ്ടായ്, ബിഎംഡബ്ല്യുഎ, മാരുതി സുസുക്കി, മെഴ്സിഡസ്, ബിവൈഡി തുടങ്ങി നിരവധി വൻകിട ബ്രാൻഡുകൾ എക്സ്പോയിൽ തങ്ങളുടെ പുതിയ മോഡലുകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഭാരത് മൊബിലിറ്റിയുടെ രണ്ടാം പതിപ്പും ഓട്ടോ എക്സ്പോ മോട്ടോർ ഷോയുടെ 17-ാമത് എഡിഷനുമാണ് ഇപ്പോൾ നടക്കുന്നത്.