തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവിലെ ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു. മുമ്പ് 5 പ്രസവങ്ങള്‍ മാത്രമേ ഒരേ സമയം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഒരേ സമയം പ്രസവം നടത്താന്‍ കഴിയുന്ന സൗകര്യങ്ങള്‍ 20 ആക്കി വര്‍ധിപ്പിച്ചു. 20 ക്യൂബിക്കിളുകള്‍ ഇതിനായി സജ്ജമാക്കി.
കൂടാതെ ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്സറി ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്സറിയായി വിപുലീകരിച്ചു. 2.2 കോടി രൂപ ചെലവഴിച്ചുള്ള ലക്ഷ്യ ലേബര്‍ റൂം, 5 ലക്ഷം രൂപ ചെലവഴിച്ചുള്ള നവജാത ശിശു പരിപാലന വിഭാഗം, 1 കോടി രൂപ ചെലവഴിച്ചുള്ള ഒ.പി, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍വഹിച്ചു.