പ്രയാഗ്രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ശുദ്ധജലം സൗജന്യമായി നൽകാൻ ഉത്തർപ്രദേശ് ജൽ നിഗം (അർബൻ) 200 ‘വാട്ടർ എടിഎമ്മുകൾ’ സ്ഥാപിക്കുന്നു. തീർത്ഥാടകർക്ക് അവരുടെ പാത്രങ്ങളിലോ കുപ്പികളിലോ ജലം നിറയ്ക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം. വാട്ടർ എടിഎമ്മുകളുടെ പ്രവർത്തനത്തിനുള്ള എല്ലാ പ്രാരംഭ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചതായി ജൽ നിഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ അറിയിച്ചു.
എടിഎമ്മുകളിൽ നേരത്തെ ഈടാക്കിയിരുന്ന 1 രൂപ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. തകരാറുകൾ ഒഴിവാക്കാൻ ഓരോ എടിഎമ്മിലും ഓപ്പറേറ്റർമാരെ നിയമിച്ചിരിക്കുകയാണ്. സെൻസർ സംവിധാനങ്ങൾ ഉപയോഗിച്ച് എടിഎമ്മുകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധർ ഉടൻ പരിഹരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു എടിഎമ്മിൽ പ്രതിദിനം 12,000 മുതൽ 15,000 ലിറ്റർ വരെ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയും.
മകരസംക്രാന്തിയോടെ, 46,000 ലിറ്റർ ജലം ഇതിനകം വിതരണമാക്കി. മൗനി അമാവാസി ദിവസം 10 കോടിയോളം തീർത്ഥാടകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ, ആവശ്യമായ ശുദ്ധജല വിതരണത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ 10 കോടിയിലധികം തീർത്ഥാടകർ മഹാ കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുടർന്നും തീർത്ഥാടകരുടെ ഒഴുക്ക് കൂടുതൽ വർധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.