സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യുമോണിയ അഥവാ മൈക്കോപ്ലാസ്മ വ്യാപകമാകുന്നെന്ന് ഡോക്ടര്‍മാര്‍. 5 -15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 5 വയസ്സില്‍ താഴെയുള്ളവര്‍ക്കും പിടിപെടുന്നുണ്ട്. ചെറിയ പനി, നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, തൊലിപ്പുറത്തു തിണര്‍പ്പ് എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നതാണ് ന്യൂമോണിയയില്‍ നിന്ന് ഇതിനുള്ള വ്യത്യാസം. 5 ദിവസത്തില്‍ കൂടുതല്‍ ചുമ നീണ്ടുനിന്നാല്‍ ഡോക്ടറെ കാണണം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. സമ്പര്‍ക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നാണു രോഗം പകരുന്നത്. കുട്ടികള്‍ മാസ്ക് ഉപയോഗിക്കുന്നത് വഴി രോഗവ്യാപനം കുറയ്ക്കാം.