കേരളത്തിൽ ബിജെപി അധികാരത്തിലുള്ള നഗരസഭകളിൽ പ്രധാനപ്പെട്ടതാണ് പാലക്കാട്. കോൺഗ്രസ് ദീർഘകാലം ഭരണത്തിലിരുന്ന നഗരസഭ അട്ടിമറി വിജയത്തിലൂടെ ആയിരുന്നു ബിജെപി നേടിയെടുക്കുന്നത്. പിന്നീട് ബിജെപി തുടർച്ചയായി ഭരണം നിലനിർത്തുകയായിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ ആഭ്യന്തര കലഹം നഗരസഭാ ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് നൽകുന്ന സ്ഥിതിയാണ്. പുതിയ ജില്ലാ പ്രസിഡന്റിനെ ചൊല്ലിയാണ് ഇപ്പോൾ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് മുതിർന്ന നേതാക്കള്‍ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ഒൻപത് പാർട്ടി കൗൺസിലർമാർ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന. വിമത കൗൺസിലർമാർ രാജിവെക്കുകയാണെങ്കില്‍ പാലക്കാട് നഗരസഭ ഭരണം ബിജെപിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. പ്രശാന്ത് ശിവനെ പാലക്കാട് ജില്ല അധ്യക്ഷനാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കില്‍ ഒൻപത് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് നല്‍കിയേക്കും.
ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് യുവ നേതാവ് കൂടിയായ പ്രശാന്ത് ശിവൻ. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ബിജെപിയെ മുന്നിൽനിന്നു നയിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. നിലവിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആയ പ്രശാന്ത് ഒട്ടേറെ സമരങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബിജെപി നേതാവാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായും സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട്ടെ മുൻ സ്ഥാനാർഥിയുമായ കൃഷ്ണകുമാറുമായ അടുത്ത ബന്ധമാണ് പ്രശാന്തിനുള്ളത്. ശാന്ത് ശിവന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാടെ ലംഘിച്ചുവെന്നാണ് പ്രതിഷേധം ഉയർത്തിയവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തുന്ന സ്ഥിയുമുണ്ടായി. ജില്ലയില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് കൃഷ്ണകുമാർ തന്റെ അനുയായിയെ ജില്ലാ അധ്യക്ഷനാക്കി മാറ്റുന്നതിന് ഏകപക്ഷീയമായ രീതിയില്‍ തീരുമാനെടുത്ത് മുന്നോട്ട് പോകുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു. ഒരു കാരണവശാലും ബി ജെ പി വിടില്ലെങ്കിലും ജില്ല അധ്യക്ഷന്റെ കാര്യത്തില്‍ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറയുന്നു.
കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പ് സമയത്ത് കൃഷ്ണകുമാറിനെതിരെ ശിവരാജൻ കടുത്ത രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയും അദ്ദേഹം തുറന്നടിച്ചിരുന്നു. വിമത യോഗത്തില്‍ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും പങ്കെടുത്തിരുന്നു. ഞങ്ങള്‍ വിമത പക്ഷമല്ല, ഔദ്യോഗിക പക്ഷമാണെന്നുമായിരുന്നു പ്രമീള വ്യക്തമാക്കിയത്. ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗമെന്നും അവർ വ്യക്തമാക്കി. എന്നാല്‍ പുതിയ ജില്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ മാനദണ്ഡ ലംഘനമുണ്ടായിട്ടില്ലെന്നാണ് നിലവിലെ അധ്യക്ഷന്‍ കെഎം ഹരിദാസ് പറയുന്നത്. നേതൃത്വത്തോട് കലഹം പ്രഖ്യാപിച്ച ബി ജെ പി കൗൺസിലർമാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ വഴിയാണ് അവരുടെ നീക്കം. സന്ദീപ് വാര്യർ എന്‍ ശിവരാജ് അടക്കമുള്ളവരുമായി സംസാരിച്ചിട്ടുമുണ്ട്.
52 അംഗ ഭരണ സമിതിയില്‍ ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ നിരയില്‍ യുഡിഎഫിന് 17 ഉം, എല്‍ഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റുമുണ്ട്. നിലവിലെ ഭരണസമിതിക്കെതിരെ യുഡിഎഫ് പല ആവർത്തി അവിശ്വാസപ്രമേയത്തിന് ശ്രമിച്ചിരുന്നെങ്കിലും ഇടത് അംഗങ്ങൾ പങ്കെടുക്കാത്തതോടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഒൻപത് അംഗങ്ങൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തുന്നതോടെ ഇടത് പിന്തുണ ലഭിച്ചില്ലെങ്കിലും പാലക്കാട് നഗരസഭ കോൺഗ്രസിന്റെ കൈകളിലേക്ക് എളുപ്പത്തിൽ ലഭിക്കുക തന്നെ ചെയ്യും. സന്ദീപ് വാര്യർ വഴി സ്ഥലം എംപി പി കെ ശ്രീകണ്ഠനുമായും ഡിസിസി പ്രസിഡന്റുമായും നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് സൂചന. കെ സുരേന്ദ്രൻ മാറുമോ ഇല്ലയോ എന്ന ചർച്ചകൾ നടക്കുമ്പോൾ പാലക്കാട് നഗരസഭ കൈവിട്ടുപോയാൽ അത് സുരേന്ദ്രനും ബിജെപി സംസ്ഥാന നേതൃത്വത്തിനും കടുത്ത പ്രഹരമാകും. സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭയെ പാലക്കാട് മത്സരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അതൊന്നും കൂട്ടാക്കാതെ സുരേന്ദ്രൻ കൃഷ്ണകുമാറിലേക്ക് എത്തുകയായിരുന്നു. അങ്ങനെവരുമ്പോൾ നഗരസഭ ഭരണം താഴെ വീണാലും ഏറ്റവുമധികം ഉത്തരവാദിത്വം കെ സുരേന്ദ്രന് തന്നെയാകും. തീർച്ച..