ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാതന സ്വർണ ആഭരണങ്ങൾ ഉരുക്കുന്നതിനെ ചോദ്യം ചെയ്ത തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ ഹർജിയെ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയ നെറ്റിപ്പട്ടം നിർമ്മിക്കുന്ന കാര്യത്തിൽ ക്ഷേത്രത്തോട് ബന്ധപ്പെട്ട തങ്ങളുടെ നിലപാടും അഭിപ്രായവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയത് പണിതതായുള്ള വിശദീകരണം കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. വി. ദിനേശ്, അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. ഇതോടെ ഈ ഹർജിക്ക് പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാജകുടുംബത്തിന്റെ ഹർജിയെ തള്ളുകയായിരുന്നു. രാജകുടുംബത്തിനായി അഭിഭാഷകരായ ലക്ഷ്മീക്ഷ് കാമത്ത്, സ്മൃതി അഹൂജ എന്നിവരാണ് കോടതിയിൽ ഹാജരായത്. പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ ആഭരണങ്ങളും പുരാവസ്തുക്കളും കൃത്യമായ കണക്കെടുക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.