മലപ്പുറം: മലപ്പുറം ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 18 കാരി ഷൈമ സിനിവറിന്റെ പോസ്റ്റുമോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന നിക്കാഹിന് പിന്നാലെ വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് സംഭവം.
വിവാഹത്തിന് യുവതിക്ക് താത്പര്യമില്ലായിരുന്നുവെന്നതാണ് പൊലീസ് പ്രാഥമിക നിഗമനം. ഷൈമയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് 19 കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അപകടനില തരണം ചെയ്തു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിക്ക് ആൺസുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. എന്നാൽ, താത്പര്യമില്ലാത്ത വിവാഹം നടന്നതിനാൽ മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.