നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരുമ്പോൾ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അടിയാകട്ടെ കൂടി വരികയാണ്. സർക്കാരിനെതിരായ ജനവികാരം സജീവമായി നിലനിർത്തേണ്ട സമയത്താണ് കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പോര് കനക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് നേതാക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ തീരുമാനം കിഴക്കോട്ട് ആണെങ്കിൽ നേതാക്കൾ വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും നടക്കുന്ന സ്ഥിതിയാണ് കോൺഗ്രസിൽ ഇപ്പോൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പാർട്ടിക്കുള്ളിൽ മാത്രം നൽകേണ്ട മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ച തെരഞ്ഞെടുപ്പിന് മുൻപിൽ ഒരു വർഷം നിലനിൽക്കുമ്പോൾ ഉയരുന്നത് കോൺഗ്രസിന് ദോഷമേ വരുത്തുകയുള്ളൂ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂർ എംപിയും കെ സുധാകരനും കെ സി വേണുഗോപാലും അടക്കം ഒരു വലിയ നിര തന്നെ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് കോൺഗ്രസിൽ ഉണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദേശീയതലത്തിലും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയിലായിരുന്നു കോൺഗ്രസ്. അതിന്റെ തിരിച്ചടിയാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം തുലോം തുച്ഛമായത്. കേരളത്തിലും ഈ പോക്ക് പോയാൽ കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാറും.
സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫിനുള്ളിലെ പ്രധാന പാർട്ടിയായ കോൺഗ്രസിനുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും സംഘർഷങ്ങളുമാണ് എല്ലാവരിലും അത്തരമൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ തർക്കങ്ങളും പൊട്ടിത്തെറികളും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. എന്നിരുന്നാലും അന്നൊക്കെ കോൺഗ്രസിന് അധികാരത്തിൽ എത്തുന്നതിന് അതൊന്നും തടസ്സമായിരുന്നില്ല. നേതാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ആൾക്കൂട്ടത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ആൾക്കൂട്ടങ്ങൾ എവിടെയും ഇല്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോൾ പണിയെടുക്കാതെ കോൺഗ്രസ് വിജയിക്കുകയെന്നത് എളുപ്പമല്ല. കൂട്ടത്തിൽ ആരാണ് മികച്ചത്, ആരാകും മുഖ്യമന്ത്രിയാകുക തുടങ്ങിയ തർക്കങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇന്നുള്ളത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അത്ര രസത്തിലല്ല. ഇരുവർക്കും ഇടയിലെ തർക്കം പലയാവർത്തി പുറംലോകത്തേക്ക് എത്തിയിട്ടുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം നിൽക്കുമ്പോൾ കോൺഗ്രസിന് അത് അതിജീവനത്തിന്റെ കൂടി പോരാട്ടമാണ്. ഏതു വിധേനയും അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ അത് കോൺഗ്രസിന് നൽകുക കനത്ത പ്രഹരമാകും. ഈ ചിന്ത സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഇല്ലെങ്കിലും ദേശീയ നേതൃത്വത്തിന് ചെറുതായെങ്കിലും ഉണ്ട്. സംസ്ഥാനത്തിന്റെ ചുമതലയിലുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുടെയും പാർട്ടിയുമായി ചേർന്ന് നിൽക്കാറുള്ള രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായങ്ങൾ തേടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി ആകുവാൻ കുപ്പായം തയ്ച്ചു വെച്ചിരിക്കുന്ന നേതാക്കൾ അവരുടെ ഒപ്പം പ്രവർത്തകരെയും മറ്റു നേതാക്കളെയും മത്സരിച്ച് രംഗത്തിറങ്ങുമ്പോൾ ഇപ്പോൾ ഉയരുന്ന പേരുകൾക്കപ്പുറം മറ്റു സാധ്യതകൾ കൂടി തേടുകയാണ് ദേശീയ നേതൃത്വം. കോൺഗ്രസ് ഹൈക്കമാന്റിന്റെ മനസ്സിലുള്ള പേരുകളിൽ മുൻപന്തിയിൽ ഉള്ളത് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആണ്. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പാർട്ടിക്കുള്ളിൽ നല്ലൊരു ശതമാനം പ്രവർത്തകർക്കും വളരെ വലിയ സ്വീകാര്യതയുള്ള നേതാവാണ് വി എം സുധീരൻ.മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉള്‍പ്പെടെ ഏറെ സ്വീകാര്യനാണ് സുധീരന്. നിരവധി തവണ ജനപ്രതിനിധിയായി നിലകൊണ്ടിട്ടുള്ള സുധീരന് നേരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഒരു ഘട്ടത്തിലും ഉയർന്നിരുന്നില്ല. മദ്യത്തിനും മയക്കുമരുന്നിനും എതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വലിയൊരു വിഭാഗം സ്ത്രീകൾക്ക് ഇടയിൽ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് ഇടവരുത്തിയിട്ടുണ്ട്. സംഘടനാപരമായി ഏറെ ശക്തിയുള്ള ഇടതുപക്ഷവുമായി ഏറ്റുമുട്ടുമ്പോള്‍ സുധീരനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഏറ പ്രതിച്ഛായ ഉള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നതാണ് ലീഗ് അണികളും ആഗ്രഹിക്കുന്നത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായാല്‍ വി ഡി സതീശനും സുധീരന്റെ പേര് മുന്നോട്ട് വയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. പണ്ടത്തെപ്പോലെ കോൺഗ്രസിനുള്ളിൽ എ ഐ ഗ്രൂപ്പുകൾ ഇപ്പോൾ അത്ര ശക്തമല്ല. അതുകൊണ്ടുതന്നെ ദേശീയ നേതൃത്വത്തിന് എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നതിന് പണ്ടത്തെപ്പോലെ ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനം ആവുന്നതും കാത്തിരിക്കേണ്ടിയും വരുന്നില്ല. മന്ത്രിയായും സ്പീക്കറായും എംപിയായും നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള വി എം സുധീരന് ജനങ്ങൾക്കിടയിലുള്ള ക്ലീൻ ഇമേജ് പാർട്ടിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നു. ഏറെക്കുറെ ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ പരിഗണിക്കുന്ന തൃശ്ശൂർ സീറ്റിൽ തന്നെയാണ് സുധീരനെയും നേതൃത്വം പരിഗണിക്കുന്നത്. നിസാരവോട്ടുകൾക്കാണ് കഴിഞ്ഞതവണ പത്മജ ഇടത് സ്ഥാനാർത്ഥിയോട് പരാജയപ്പെടുന്നത്. ഇന്ന് അവർ ബിജെപി പാളയത്തിലാണ്. തൃശൂരിൽ എന്നൊക്കെ ബിജെപി വോട്ട് ഉയർത്തിയിട്ടുണ്ടോ അന്നൊക്കെ അവിടെ യുഡിഎഫിന് തോൽക്കാനായിരുന്നു വിധി. ഒരിക്കലും സ്വപ്നം പോലും കാണാൻ ഇടത് മുന്നണിക്ക് ആവാത്ത തൃശൂർ നിയമസഭാ മണ്ഡലം അനായാസമായി അവരുടെ കൈയ്യിലെത്തിയത് കോൺഗ്രസിന്റെ ചില വീഴ്ചകൾ കൊണ്ടായിരുന്നു. വി എം സുധീരൻ മുൻപ് മണലൂരിൽ നിന്നുള്ള നിയമസഭാ സാമാജികൻ ആയിരുന്നു. തൃശൂരിനെ നന്നായി അടുത്ത അറിയാവുന്ന വ്യക്തികൂടിയാണ് സുധീരൻ. തൃശൂർ ജില്ലയിൽ കോൺഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് പ്രവർത്തകരാണ് ഏറെയുള്ളത്. സുധീരനെപ്പോലുള്ള ഒരാൾ നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ നിഷ്പക്ഷ വോട്ടുകൾ കൂടുതലായും സുധീരൻ്റെ പെട്ടിയിൽ വീഴാനും സാധ്യതയുണ്ട്. അതിനാൽ വി എം സുധീരൻ തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ട് കോൺഗ്രസ് പാർട്ടിയിൽ. സന്ദീപ് വാര്യർ തൃശൂരിൽ മത്സരിച്ചാൽ സന്ദീപിനെ എങ്ങനെയെങ്കിലും തോൽപ്പിക്കണം എന്ന വാശിയിൽ ബി.ജെ.പി മിഷനറിയും സജീവമാകും. അതുകൊണ്ട് കഴിഞ്ഞ കാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്ക് പോയ കോൺഗ്രസ് വോട്ടുകൾ തിരിച്ച് കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർക്ക് കഴിഞ്ഞെന്നും വരില്ല. ഇപ്പോൾ തൃശൂരിൽ വേണ്ടത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ കോൺഗ്രസ് വോട്ടുകൾ തിരിച്ചു കോൺഗ്രസിൽ എത്തിക്കാൻ പറ്റിയ നേതാവിനെയാണ്.
അതിന് പറ്റിയ നേതാവ് ഇപ്പോൾ തൃശൂരിൽ വി എം സുധീരൻ ആണ്. അതേസമയം, മുഖ്യമന്ത്രിപദത്തോടൊപ്പം തന്നെസാമുദായിക സംഘടനകളുടെ പിന്തുണ സംബന്ധിച്ച തര്‍ക്കം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിക്കുന്നുണ്ട്. എൻഎസ്എസും എസ്എൻഡിപിയും രണ്ടും കൽപ്പിച്ചാണ്. അവർക്ക് കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയായാലും സതീശൻ ആ സ്ഥാനത്ത് വരരുത് എന്ന വാശിയാണ് ഉള്ളത്.