ബിജെപി അനായാസം വിജയിക്കുവാൻ കഴിയുമെന്ന് കരുതുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. കാലാകാലങ്ങളായി ഇടതു എംഎൽഎമാരാണ് വിജയിച്ചു വരുന്നതെങ്കിലും നന്നായി പരിശ്രമിച്ചാൽ ഒറ്റപ്പാലത്ത് വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമെന്ന് ബിജെപി കരുതുന്നുണ്ട്. 2011ൽ പതിനായിരത്തിൽ താഴെ വോട്ട് ലഭിച്ചയിടത്ത് 2016ലും 2021ലും വോട്ട് നേരെ ഇരട്ടിയാക്കുവാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പി വേണുഗോപാലായിരുന്നു ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നത്. മികച്ച ഒരു യുവ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ വിജയിക്കാം എന്നതാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിലേക്ക് പോയില്ലായിരുന്നുവെങ്കിൽ സന്ദീപ് വാര്യർക്ക് നറുക്ക് വീഴേണ്ട മണ്ഡലം ആയിരുന്നു ഒറ്റപ്പാലം. മാത്രവുമല്ല ഒറ്റപ്പാലത്ത് ബിജെപി വിജയിക്കേണ്ടതിന് പിന്നിൽ മറ്റൊരു കാര്യം കൂടി ഉണ്ട്. ഒറ്റപ്പാലത്തേക്ക് കോൺഗ്രസ് അവരുടെ സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ പരിഗണിക്കുന്നുണ്ട്.
സന്ദീപ് ഒറ്റപ്പാലത്തുനിന്നെങ്ങാനും വിജയിച്ചാൽ ബിജെപിക്ക് അതിലും വലുതൊന്നും വരാനില്ല. അതുകൊണ്ടുതന്നെ എങ്ങനെയും ഒറ്റപ്പാലം പിടിച്ചെടുക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെയാണ് പാർട്ടി തേടുന്നത്. നിലവിൽ ബിജെപി നേതൃത്വത്തിന്റെ മനസ്സിലുള്ളത് നടൻ ഉണ്ണി മുകുന്ദനാണ്. താന്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ദേശീയതയാണ് തന്റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന് അന്നേ വ്യക്തമാക്കിയിരുന്നു. സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്നും ഉണ്ണി മുകുന്ദന് അന്ന് പറഞ്ഞിരുന്നു. സാമൂഹിക സേവന രംഗത്ത് സജീവമായ സേവാഭാരതി തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ്. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന് അന്നു ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ചിരുന്നു.
മാളികപ്പുറം ചിത്രത്തിലൂടെ ഹിന്ദു വിശ്വാസികളുടെ മനസ്സിൽ ആഴത്തിൽ വേരുറപ്പിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചു പ്രവര്‍ത്തിക്കാമെന്ന് അന്ന് ഉറപ്പ് നടന് നല്‍കിയതായാണ് സൂചന. പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദന്റെ പേരും സജീവ ചർച്ചയിൽ ഉണ്ടായിരുന്നുവെങ്കിലും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരാൾ മത്സരിക്കട്ടെ എന്ന് അന്തിമ തീരുമാനത്തിലേക്ക് ബിജെപി എത്തുകയായിരുന്നു. അങ്ങനെയാണ് പത്തനംതിട്ടയിൽ എ കെ ആന്റണിയുടെ മകൻ അനിലിന് നറുക്ക് വീണത്. പാലക്കാട് മണ്ഡലത്തിലും ഉണ്ണിമുകുന്ദന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. ഏറെക്കുറെ ദേശീയ നേതൃത്വം അന്ന് പച്ചക്കൊടി വീശിയതുമായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ഇടപെട്ട് സി കൃഷ്ണകുമാറിന് തന്നെ സീറ്റ് ഉറപ്പിക്കുകയായിരുന്നു. നേരത്തെ പലപ്പോഴും ബിജെപിയെയും നരേന്ദ്ര മോദിയെയും പിന്തുണച്ച് സംസാരിച്ചിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്. സിനിമയ്ക്ക് പുറമേ യുവ നടന്മാരില് ഏറെ തിളങ്ങി നില്ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്. സിനിമയും വിവാദങ്ങളുമെല്ലാമായി പലപ്പോഴും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നടന് ബാലയുമായുള്ള തര്‍ക്കവും ഉണ്ണി മുകുന്ദന്റെ മറുപടിയുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ആദ്യമെത്തിയവരില്‍ ഉണ്ണി മുകുന്ദനുമുണ്ടായിരുന്നു. അതൊക്കെ ആ നടനപ്പുറം അദ്ദേഹത്തിലെ നല്ല മനുഷ്യനെ എല്ലാവർക്കും മനസ്സിലാക്കുന്നതിന് വഴിയൊരുക്കിയിരുന്നു. സാധാരണ നിലയ്ക്ക് കേരളത്തിൽ ഏതെങ്കിലും ഒക്കെ സിനിമ സാംസ്കാരിക മേഖലകളിലുള്ളവർ ബിജെപിയിലേക്ക് ചേർന്നാൽ അവർക്ക് നേരെ പരിഹാസങ്ങളും സൈബർ അതിക്രമങ്ങളും വ്യാപകമാകാറുണ്ട്. ഉണ്ണി മുകുന്ദ നേരെയും അത്തരത്തിലുള്ള അതിക്രമങ്ങൾ ഒരുകാലത്ത് ഉണ്ടായിരുന്നു. എന്നാൽ അതിനെല്ലാം പക്വതയോടെയുള്ള മറുപടികൾ ആയിരുന്നു ഉണ്ണി നൽകിയിരുന്നത്.
അതുകൊണ്ടുതന്നെ സൈബർ അതിക്രമങ്ങളെ മറ്റു നിഷ്ക്രിയമാക്കി തന്റെ സിനിമകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം പറഞ്ഞു പറയാതെ പോവുകയാണ് ഉണ്ണിമുകുന്ദൻ. സംസ്ഥാനത്ത് 2026ലെ തെരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ജനപ്രിയരായവരെ സ്ഥാനാര്‍ഥികളാക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടിക്കുള്ളത്. നടന് സുരേഷ് ഗോപി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് സംസ്ഥാനത്തെ ബിജെപിക്ക് നൽകിയ ഊർജ്ജം ചെറുതല്ല. ഇനിയും അത്തരത്തിലുള്ള വിജയങ്ങൾ എങ്ങനെ സാധ്യമാക്കാം എന്നതിലാണ് സംസ്ഥാന നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്. സംസ്ഥാനത്തെ ബിജെപി ബിജെപി നേതാക്കൾക്കൊപ്പം തന്നെ കേന്ദ്ര നേതാക്കളുമായും ഉണ്ണി മുകുന്ദന് അടുത്ത ബന്ധമുണ്ട്. നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം മോദിയെ ഏറെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു. കേരളം പോലെയൊരു സംസ്ഥാനത്തു നിന്നുകൊണ്ട് മോദിയെ പ്രതികരിപ്പിച്ച് സംസാരിക്കുമ്പോൾ നേരിടേണ്ടിവരുന്ന സൈബർ അതിക്രമങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിട്ടും ഉണ്ണി പറയുവാനുള്ളത് കൃത്യമായി അന്ന് പറഞ്ഞിരുന്നു. പാലക്കാട് സ്വദേശിയായ ഉണ്ണിയെ സ്വന്തം നാട്ടില്‍ മല്‍സരിപ്പിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ആലോചിക്കുന്നത്. ഒറ്റപ്പാലത്ത് ഒട്ടേറെ വ്യക്തി ബന്ധങ്ങളും ഈ നടനുണ്ട്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോടും ഏറെ പോസിറ്റീവായ മറുപടികളാണ് ഉണ്ണി നൽകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഏറെ രസകരമായിരുന്നു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് പ്രതികരണം എന്നായിരുന്നു ചോദ്യം. ഈ വേളയില്‍ വാ ഇനി നമുക്ക് നടന്ന് സംസാരിക്കാമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന് മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈയ്യിട്ട് നടക്കുകയായിരുന്നു. ഈ വേളയിലും ചോദ്യം ഉന്നയിച്ചു. വണ്ടി അവിടെയുണ്ട്. നമുക്ക് അങ്ങോട്ട് നടക്കാമെന്ന് ഉണ്ണി വീണ്ടും പ്രതികരിച്ചു. നടന്റെ കൂടെയുള്ളവര്‍ ഇത് കണ്ട് ചിരിക്കുകയും പല കമന്റുകള്‍ പറയുന്നുണ്ടായിരുന്നു. ഈ വേളയില്‍ മതി പോട്ടെ, എന്ന് പറഞ്ഞ് മറ്റുള്ളവര്‍ ഉണ്ണി മുകുന്ദനെ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
പിന്നെയും പല ആവർത്തി തന്റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടൻ പ്രതികരിച്ചിട്ടുണ്ട്. നടന്റെ ജനസീകാര്യതയും പാർട്ടി സംഘടന സംവിധാനത്തിന്റെ കൃത്യമായ പ്രവർത്തനവും ഒരുമിച്ച് നടന്നാൽ ഒറ്റപ്പാലം ബിജെപിക്ക് കിട്ടാക്കനി ഒന്നുമല്ല. തുടർച്ചയായുള്ള സിപിഎം എൽഎമാരുടെ പ്രവർത്തനത്തിൽ ഒറ്റപ്പാലത്തെ ജനങ്ങൾ അത്രകണ്ട് തൃപ്തരല്ല. ഒരുപക്ഷേ അടുത്ത തവണ സിപിഎം കോൺഗ്രസ് വിട്ട് പുറത്തേക്ക് വന്ന പി സരിനെയാകും ഒറ്റപ്പാലത്ത് മത്സരിപ്പിക്കുക. സരിൻ ആണെങ്കിൽ ഏതുവിധേനയും തോൽപ്പിക്കുവാനുള്ള പരിശ്രമം കോൺഗ്രസ് നടത്തും. അങ്ങനെ വരുമ്പോൾ ഉണ്ണി മുകുന്ദനെ പോലെ ഒരാൾ സ്ഥാനാർഥിയായി വന്നാൽ കോൺഗ്രസ് വോട്ടുകളും ഉണ്ണി മുകുന്ദനിലേക്ക് വന്നുചേരും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശയവിനിമയം ബിജെപി നേതാക്കൾ ഉണ്ണിയുമായി നടത്തിയെന്നാണ് അറിയുന്നത്. ഉണ്ണി സ്ഥാനാർത്ഥിയാകുന്നതിനൊപ്പം തന്നെ ബിജെപിയിലേക്ക് സമീപകാലത്ത് വന്ന ഒരു പിടി സിനിമാതാരങ്ങളെ രംഗത്തിറക്കി പ്രചാരണം ഉഷാറാക്കുവാനാണ് പാർട്ടി ആലോചിക്കുന്നത്.