ന്യൂയോര്‍ക്ക്: റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി താന്‍ ചര്‍ച്ച ചെയ്തെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുതെന്ന പുടിന്റെ ആവശ്യം അംഗീകരിക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും സൗദിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് ഉറപ്പ് നല്കി.
ട്രംപിന്റെ എക്സിലെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘യുക്രെയ്നില്‍ സമാധാനം വീണ്ടെടുക്കാനായി ദീര്‍ഘവും ഫലപ്രദവുമായ ആശയവിനിമയം പുടിനുമായി നടത്തി. ദശലക്ഷ കണക്കിന് ആളുകളുടെ മരണത്തിന് വഴി വെക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. അമേരിക്കയും റഷ്യയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലുണ്ടാകുന്ന ഗുണങ്ങളെ പറ്റി പുടിനുമായി ചര്‍ച്ച ചെയ്തു. പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ വരും കാലങ്ങളില്‍ നടത്താനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചുവെന്നും’ ട്രംപ് പറയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും താനും പുടിനും തീരുമാനം എടുത്തതായും ട്രംപ് അറിയിച്ചു.