തിരുവനന്തപുരം: വിദ്യാർഥികളുടെ എണ്ണത്തിലെ കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക തസ്തികകൾ ഒഴിവാക്കാൻ നീക്കം. സംസ്ഥാനത്തെ കേവലം 25 കുട്ടികൾ മാത്രമുള്ള നാല്പതോളം സ്കൂളുകളിലെ സ്ഥിരാധ്യാപക തസ്തികകളാണ് ഇല്ലാതാവുക.
ഹയർ സെക്കൻഡറി തസ്തികനിർണയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് വിവിധ ജില്ലകളിലായി 420 അധ്യാപക തസ്തിക ഒഴിവാക്കപ്പെടും. ഇത് പരിഗണിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് 210 അധ്യാപകരെ പുനർവിന്യസിക്കാൻ പട്ടിക തയ്യാറാക്കി. ഇതിൽ 25 കുട്ടികൾ മാത്രം പഠിക്കുന്ന ബാച്ചുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരെയും സ്ഥലംമാറ്റും.മതിയായ വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ 120 അധ്യാപക തസ്തികകളുടെ ഗ്രേഡ് കുറയ്ക്കാനും ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തു വന്നു. നീക്കം ചട്ടവിരുദ്ധമാണെന്നും തസ്തിക ഇല്ലാതാക്കണമെങ്കിൽ സർക്കാർ പ്രത്യേകം ഉത്തരവിറക്കണമെന്നും ആവശ്യമുയർന്നു.സ്ഥിരാധ്യാപകരെ പുനർവിന്യസിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു. മന്ത്രി വി. ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതി മേൽനോട്ടത്തിലുള്ള സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ചതായും സംഘടന കുറ്റപ്പെടുത്തി.