കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലം. 1967ൽ വടക്കൻ വയനാട് മണ്ഡലമാണ് പിന്നീട് 2011ൽ മാനന്തവാടി മണ്ഡലമായി മാറുന്നത്. മാനന്തവാടി രൂപീകരിക്കപ്പെട്ടിട്ട് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി കെ ജയലക്ഷ്മി എംഎൽഎയായി വിജയിച്ചു വരികയായിരുന്നു. ആ കാലയളവിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു പി കെ ജയലക്ഷ്മി. പിന്നീട് 2016ൽ ഒ ആർ കേളുവിലൂടെ ഇടതുമുന്നണി മണ്ഡലത്തിൽ വിജയം നേടുകയായിരുന്നു.
2021ൽ കേളുവിലൂടെ തന്നെ എൽഡിഎഫ് വിജയം തുടരുകയും ചെയ്തു. ഈ രണ്ട് തവണയും കേളുവിനോട് പരാജയപ്പെട്ടത് പി. കെ ജയലക്ഷ്മി തന്നെയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയലക്ഷ്മിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ വിമതസ്വരം ഉയർന്നിരുന്നു. കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ജയലക്ഷ്മി തുറന്നടിച്ചിരുന്നു. അതുകൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മാനന്തവാടിയിൽ പരാജയം സംഭവിച്ചതെന്നും അവർ പറഞ്ഞിരുന്നു.
ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ. ഡി.എഫ് സ്ഥാനാർഥിയുടെ സ്തുതി പാഠകരായിരുന്നു. നല്ലൊരു വിഭാഗം യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശബ്ദരായിരുന്നുവെന്ന് തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ അന്ന് ജയലക്ഷ്മി ഉന്നയിച്ചിരുന്നു. അന്ന് കെപിസിസിയുടെ അന്വേഷണവും ജയലക്ഷ്മി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയലക്ഷ്മിക്കെതിരെ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വലിയ തോതിലുള്ള എതിർ അഭിപ്രായങ്ങൾ അന്ന് ഉണ്ടായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുവാനുള്ള പരിശ്രമത്തിലാണ് ജയലക്ഷ്മി. എന്നാൽ പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ സ്ഥാനാർത്ഥി മാനന്തവാടിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനോടാണ് താല്പര്യം.
നേതാക്കളുടെയും പ്രവർത്തകരുടെയും മനസ്സിൽ ഉള്ളത് മുൻ ആലത്തൂർ എംപിയായ രമ്യാ ഹരിദാസ് ആണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ആലത്തൂർ രണ്ടാം അങ്കത്തിന് ഇറങ്ങിയ രമ്യ പരാജയപ്പെട്ടിരുന്നു. തുടർന്ന് നടന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിലും രമ്യയ്ക്ക് പരാജയപ്പെടുവാനായിരുന്നു വിധി. എന്നാൽ മാനന്തവാടിയിൽ രമ്യയെ മത്സരിപ്പിച്ചാൽ അനായാസം വിജയം നേടുവാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. ആലത്തൂരിലെ രമ്യയുടെ പരാജയം ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വച്ചതായിരുന്നു. രമ്യ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് പ്രശ്മായതെന്ന ആരോപണവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തുവരികയായിരുന്നു.
രമ്യയുടെ പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും നല്ല രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുവെന്നും വിവാദത്തിനില്ലെന്നും കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും ആയിരുന്നു രമ്യയുടെ അന്നത്തെ മറുപടി.
എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാനുള്ള പ്രത്യേക കഴിവ് രമ്യ എന്ന സ്ഥാനാർത്ഥിക്ക് ഉണ്ട്. വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ രമ്യയ്ക്ക് സാധിക്കുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ തുടർച്ചയായി പരാജയപ്പെടുന്ന സ്ഥാനാര്‍ഥിയെ വീണ്ടും മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് രമ്യയെ മല്‍സരിപ്പിക്കുന്നതിന് എതിരഭിപ്രായമുള്ളവരുടെ വാദം. നിലവിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയാണ് രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന രമ്യ ഹരിദാസ് ആലത്തൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു. കരുത്തനായ സിപിഎമ്മിന്റെ പി കെ ബിജുവിനെ തോല്‍പ്പിച്ചാണ് കന്നി തെരഞ്ഞെടുപ്പില്‍ തന്നെ രമ്യ ലോക്സഭയിലേക്ക് എത്തിയത്.
കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി പി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്. കെഎസ്യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പണ്ട് ദില്ലിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായത്. അന്ന് ബിഎ സംഗീതവിദ്യാര്‍ഥിനിയായിരുന്നു രമ്യ.
നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ സ്വന്തം നിലപാടുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും രമ്യ താരമായി. യുവപ്രവര്‍ത്തകയിലെ നേതൃപാടവം കൂടി രാഹുല്‍ തിരിച്ചറിഞ്ഞതോടെ രാഹുല്‍ ബ്രിഗേഡിലെ മികച്ച പോരാളികളില്‍ ഒരാളായി രമ്യ മാറി. അതേസമയം, ജയലക്ഷ്മിയെ വേണ്ടെന്നു പറയുന്നതിന് വയനാട്ടിലെ ഒരു വിഭാഗം കോൺഗ്രസുകാർ പറയുന്ന അതേ കാരണങ്ങളാണ് ആലത്തൂരിൽ രമ്യയെ വേണ്ടെന്നു പറയുവാനും കാരണം. ആ വഴിക്ക് ചിന്തിക്കുമ്പോൾ മാനന്തവാടിയിൽ കോൺഗ്രസ് രമ്യയെ തീരുമാനിക്കും മുമ്പ് കൂടിയാലോചനകൾ നടത്തുന്നതാകും നല്ലത്.