സമ്പൂർണ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസും അതിന്റെ പ്രതിപുരുഷനായ ഇന്ത്യൻ ഭരണം കൈയാളുന്ന നരേന്ദ്രമോദിയും ഫാസിസ്റ്റോ നവഫാസിസ്റ്റോ അല്ലെന്നുള്ള സിപിഎം പാർട്ടി കോൺഗ്രസ് രേഖയിലെ പരാമർശം ആദ്യമായി ഉണ്ടാകുന്ന ഒന്നല്ല. 2018 ൽ പ്രകാശ് കാരാട്ട് സിപിഎം മുഖപ്രസിദ്ധീകരണമായ ‘പീപ്പിൾസ് ഡെമോകസി’യിൽ ഇത്തരം ആശയം ഉൾകൊള്ളുന്ന ലേഖനമെഴുതിയിരുന്നു.
മോദി ഭരണകൂടം ഫാസിസ്റ്റോ അർദ്ധ ഫാസിസ്റ്റോ അല്ലയെന്ന തരത്തിലായിരുന്നു അതിന്റെ സാരാംശം. പിന്നീട് ഈ ലേഖനം ഗണശക്തി, ദേശാഭിമാനി, തീക്കതിർ എന്നീ സിപിഎം പത്രങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതിനാൽ ലേഖനം പിൻവലിക്കാതെ തന്നെ ഈ ആശയം സ്വമേധയാ മരവിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ മോദി ഭരണം വിതച്ച മതേതര-ജനാധിപത്യവിരുദ്ധ നടപടികളും ഭരണഘടനാ ധ്വംസനങ്ങളും പാടെ മറന്നുകൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസ് തൂവൽസ്പർശമുള്ള പ്രത്യയശാസ്ത്ര തലോടൽ മോദിക്ക് നൽകുന്നത്.
ഇന്ത്യയിലാകെ സംഘപരിവാറിൻ്റെ ഫാസിസ്റ്റ് തത്വങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരെ ജനാധിപത്യ-മതേനിരപേക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയർന്നുവരുമ്പോൾ അതിന്റെ അടിത്തറ ഉള്ളിൽ നിന്ന് തകർക്കുന്ന അഞ്ചാംപത്തി പണിയാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വർഗീയ ഫാസിസം പിൻതുടരുന്ന പാർട്ടിയോട് രാഷ്ട്രീയ ഫാസിസം സ്വീകരിച്ചിരിക്കുന്ന മറ്റൊരു പാർട്ടിക്ക് തോന്നുന്ന പ്രണയത്വരയായി പുതിയ സമീപനത്തെ കാണാം.
തീവ്രവംശീയതയിലും തീവ്രവർഗീയതയിലും തീവ്ര സങ്കുചിത ദേശീയതയിലും വ്യക്തിയുടെയോ പാർട്ടിയുടെയോ ഏകാധിപത്യത്തിലോ പ്രവർത്തിക്കുന്ന പാർട്ടികളെയാണ് ഫാസിസ്റ്റ്, നാസി, കമ്മ്യൂണിസ്റ്റ് പാർട്ടികളെന്ന് അഭിസംബോധന ചെയ്യുന്നത്. മുസോളിനിയും ഹിറ്റ്ലറും നയിച്ച ഫാസിസവും നാസിസവും രണ്ടാം ലോക മഹായുദ്ധത്തോടുകൂടി തകർന്നുവീണു. സ്റ്റാലിനും
മറ്റ് ഏകാധിപതികളും നയിച്ച മാർക്സിസം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ മണ്ണടിഞ്ഞു. നവഫാസിസം രൂപം കൊണ്ട് പല രാജ്യങ്ങളിലും അവർക്ക് അധികാരലബ്ധി സാധ്യമായിട്ടില്ല.
ഇറ്റലി, യു.കെ, യുഎസ്, ഇസ്രായേൽ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലാണ് നിയോ ഫാസിസം ശക്തമായി വരുന്നത്. മതദേശീയത, വംശദേശീയത, സ്വേച്ഛാധിപത്യം, ലിബറൽ വിരുദ്ധത, കുടിയേറ്റ വിരുദ്ധത, വിദേശികളോടുള്ള എതിർപ്പ്, പാർലമെന്റിലും മറ്റ് ജനസഭകളിലും വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് നവഫാസിസ്റ്റുകളുടെ മുഖമുദ്രകൾ. അമേരിക്കയിലെ അമേരിക്കൻ ഫ്രീഡം പാർട്ടി, ബ്രിട്ടനിലെ ബ്രിട്ടീഷ് നാഷണൽ പാർട്ടി, ഇറ്റാലിയൻ സോഷ്യൽ മൂവ്മെന്റ്, ന്യൂ യൂറോപ്യൻ സിസ്റ്റം തുടങ്ങി ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ചെറുതും വലുതുമായ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നു. നവ ഫാസിസ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ശക്തരായ പാർട്ടികളാണ് ഇസ്രായേലിലെ ലിക്കുഡ് പാർട്ടിയും ഷാസ് പാർട്ടിയും.
ബിജെപിയിൽ നിന്ന് ഫാസിസത്തിന്റെ അടയാളങ്ങൾ മായ്ച്ചുകളയാൻ ശ്രമിക്കുന്ന സിപിഎം, ഇടത്-മതേതര പാർട്ടികളെ ഞെട്ടിച്ചിരിക്കുന്നു. രാഷ്ട്രീയമായ ഈ പാപ്പരത്തത്തിന് ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ അടിസ്ഥാനമുണ്ടാക്കാൻ തീസിസുകൾ രചിക്കുകയാണ്.
ആർഎസ്എസിലും ബിജെപിയിലും ഫാസിസം കാണാത്ത സിപിഎം ഇക്കാലമത്രയും എതിർപ്പിന്റെ കുന്തമുനകൾ ഉയർത്തിപ്പിടിച്ചത് അവർക്ക് നേരെയായിരുന്നു. ഇന്ത്യയിൽ വിദൂരഭാവിയിൽ പോലും നിർണായക ശക്തിയാകാൻ സാധിക്കില്ലെന്ന് ബോധ്യമായ സിപിഎം പിൻവാതിലിലൂടെ തീവ്രഹിന്ദുത്വ ശക്തികളുടെ അടുക്കള തേടുകയാണ്.
മോദിയും അമിത് ഷായും മോഹൻ ഭാഗവതും ഫാസിസ്റ്റുകളല്ല എന്ന വിവരക്കേടിന്റെ വാറോലയാണ് സിപിഎം കരടുരേഖ. ഈ വാറോലയിലൂടെ നിലനിൽപ്പിന്റെ പച്ച തുരുത്ത് തേടുകയാണ് സിപിഎം. അപ്പോഴും സിപിഎമ്മിനെ പാടെ തള്ളിയാണ് സിപിഐ രംഗത്ത് വന്നിരുന്നത്. ആര് എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ ഉള്‍പ്പെടെയുളള മറ്റ് ഇടത് പാര്‍ട്ടികള്‍ വിലയിരുത്തുന്നത് പോലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നായിരുന്നു സിപിഎം നിലപാട്.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രകമ്മറ്റി സംസ്ഥാന ഘടകങ്ങള്‍ക്കയച്ച രഹസ്യ രേഖയിലാണ് ഈ വിലയിരുത്തല്‍. ബിജെപി സര്‍ക്കാര്‍ നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്നുവെന്ന് കരട് പ്രമേയത്തില്‍ വിലയിരുത്തിയ ശേഷമാണ് ഈ നിലപാട്മാറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം. നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമാക്കുന്നതാണ് ബിജെപിക്കും ആര്‍എസ്എസിനും കീഴിലുളള ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണം എന്നാണ് നാം പറഞ്ഞിട്ടുളളത്. എന്നാല്‍ മോദി സര്‍ക്കാരിനെ നാം ഫാസിസ്റ്റെന്നോ നവഫാസിസ്റ്റെന്നോ പറയുന്നില്ല.
ഇന്ത്യാ രാജ്യത്തെ നവ ഫാസിസ്റ്റ് രാജ്യമെന്നും നാം പറയുന്നില്ല. പത്ത് കൊല്ലത്തെ തുടര്‍ച്ചയായ ബിജെപി ഭരണത്തിലൂടെ രാഷ്ട്രീയാധികാരം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലേക്ക് കേന്ദ്രീകരിക്കുകയും അത് നവ ഫാസിസ്റ്റ് പ്രവണതകളുടെ പ്രകടനത്തിലേക്കും എത്തി എന്നാണ് നാം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതൊരു നവഫാസിസ്റ്റ് സര്‍ക്കാരായോ രാഷ്ട്രീയ സംവിധാനമായോ വികസിച്ചിട്ടില്ല. നവഫാസിസത്തിന്റെ ദിശയിലേക്ക് നീങ്ങുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് സര്‍ക്കാരിനെ കുറിച്ചാണ് കരട് രാഷ്ട്രീയ പ്രമേയം സംസാരിക്കുന്നതെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നത്. മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നോ നവ ഫാസിസ്റ്റെന്നോ വിലയിരുത്താന്‍ സിപിഎം ഒരുക്കമല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.