ചെന്നൈ: ജോലിയില്‍ മുന്നേറണമെങ്കില്‍ ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഡിഎംകെ. സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധര്‍ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ വെമ്പുവിന് വേണമെങ്കില്‍ തന്റെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കാമെന്നും തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഡിഎംകെയുടെ പ്രതികരണം.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് വെമ്പുവിന്റെ പ്രതികരണം. വെമ്പുവിന്റെ വ്യാപാരത്തിന് ആവശ്യമാണെങ്കില്‍ തന്റെ ജീവനക്കാരെ അദ്ദേഹത്തിന് ഹിന്ദി പഠിപ്പിക്കാവുന്നതാണെന്ന് ഡിഎംകെ വക്താവ് ശരവണന് അണ്ണാദുരൈ അഭിപ്രായപ്പെട്ടു. മറ്റു സ്ഥലങ്ങളിലെ കുട്ടികളെ ഇംഗ്ലീഷിന്റെ അടിസ്ഥാനപാഠങ്ങളെങ്കിലും പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്ഥിക്കാമല്ലോയെന്നും ശരവണന് പറഞ്ഞു.