തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്ട ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 25 ലക്ഷം രൂപയാണ് നേരത്തെ ഒരു വീടിന് നിർമ്മാണ ചെലവായി കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഇത് വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റാണ്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി അവർക്ക് വീട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ഇതിലൂടെ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ സർക്കാർ നിശ്ചയിച്ച തുക കൂടുതലാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ധിഖ് രംഗത്തെത്തി. ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിർമിക്കാനാവും എന്നും കൂട്ടിച്ചേർത്തു. 30 ലക്ഷം രൂപയാണ് സർക്കാർ ആദ്യം വീട് നിർമ്മാണത്തിന് നിശ്ചയിച്ചത്. അത് പിന്നീട് 25 ലക്ഷമായി, ഇപ്പോൾ 20 ലക്ഷമാക്കുന്നു. കണക്കുകൾ തൃപ്തികരമല്ല. ഓരോ സമയത്തും കുറയ്ക്കുന്നത് ലക്ഷങ്ങൾ വച്ചാണ്. ഈ പണത്തിലെ സർക്കാർ താൽപര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.