കൊച്ചി: റമദാൻ നോമ്പിന് തുടക്കമായി. വിശുദ്ധിയുടെ മാസത്തിന് ആരംഭമറിയിച്ച് ആകാശച്ചെരുവില്‍ ഇന്നലെ വെണ്‍ചന്ദ്രക്കല പിറന്നതോടെയാണ് ഇസ്ലാം മത വിശ്വാസികൾ റമദാൻ നോമ്പിന് തുടക്കം കുറിച്ചത്. ഇനി ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും. പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന് മാസത്തെ ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണ – പാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം.
ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന നാളുകള്‍. ക്ഷമയും സഹന ശീലവും വര്‍ധിപ്പിച്ച് വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. ദൈവ വചനങ്ങളുമായി ജിബ്രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായി കണക്കാക്കുന്നതിനാല്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം റമദാന് അത്രമേല്‍ പ്രാധാന്യമേറിയതാണ്.