കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ഉത്തരവിട്ടത്.
കുവൈത്തിന്റെ തിരുത്തല്‍ സംവിധാനത്തിനുള്ളിലെ പരിഷ്കരണ, പുനരധിവാസ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ മാറ്റം. 20 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകള്‍ അവലോകനം ചെയ്യാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി.
തടവുകാരുടെ പട്ടികയും വിലയിരുത്തലും വേഗത്തിലാക്കാന്‍ തിരുത്തല്‍ സ്ഥാപനങ്ങളുടെയും ശിക്ഷാ നിര്‍വ്വഹണ അതോറിറ്റികളുടെയും നേതാക്കളോട് ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അഭ്യര്‍ത്ഥിച്ചു. നീതി നടപ്പാക്കുന്നതിനും തടവുകാര്‍ക്ക് അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്താനും അവസരം നല്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.