കൊല്ലം: കൊല്ലത്ത് തുടരുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. വികസന രേഖയുടെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 19ഓളം അംഗങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായപരിധി, അനാരോഗ്യം, പ്രവർത്തന പോരായ്മ തുടങ്ങിയവയാണ് ഒഴിവാക്കാനുള്ള കാരണങ്ങൾ.
പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും പുറത്തുപോകുന്നത്. പുതിയ സംസ്ഥാന സമിതിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം കിട്ടിയേക്കും.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാവുന്നവരിൽ ശ്രദ്ധേയർ. ഇവർക്ക് പുറമെ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയേക്കും. അനാരോഗ്യം പരിഗണിച്ചാകും ശ്രീരാമകൃഷ്ണനെ മാറ്റുക. എം.വി. ബാലകൃഷ്ണൻ, പി. നന്ദകുമാർ, എം.എം. വർഗീസ്, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, ഗോപി കോട്ടമുറിക്കൽ, സി.എം. ദിനേശ് മണി, കെ. ചന്ദ്രൻപിള്ള, എസ്. ശർമ, കെ. വരദരാജൻ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, കെ. രാജഗോപാൽ, ആനാവൂർ നാഗപ്പൻ, ഇ.എൻ. മോഹൻദാസ് എന്നിവരും ഒഴിവാക്കപ്പെട്ടേക്കാം.