ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം നല്കിയസ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കുരിശ് പണിതത്. പണികള്‍ക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നല്കി. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.