പാട്ന: ഹോളി ദിനത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവർ പുറത്തിറങ്ങരുതെന്ന ബീഹാർ എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാർ എംഎല്‍എയുടെ അച്ഛൻ്റേതാണോ എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹരിഭൂഷണ്‍ താക്കൂർ ബച്ചോളാണ് വിവാദ പരാമർശം നടത്തിയത്. ഇയാളെ ശാസിക്കാനും മാപ്പ് പറയാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടോയെന്നും തേജസ്വി യാദവ് വെല്ലുവിളിച്ചു.
മാർച്ച് 14 വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളിയെത്തുന്നത്. റമദാൻ മാസത്തിലെ വെള്ളിയാഴ്ചയായതിനാല്‍ മുസ്ലീങ്ങള്‍ക്കും ഈ ദിനം പ്രധാനമാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ഹോളിയില്‍ മുസ്ലീങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.
‘വർഷത്തിലൊരിക്കലാണ് ഹോളി നടക്കുന്നത്. നിറങ്ങളുടെ ഉത്സവമാണ് ഹോളി. ആരെങ്കിലും ദേഹത്ത് നിറങ്ങള്‍ പുരട്ടിയാല്‍ മുസ്ലീം സുഹൃത്തുക്കള്‍ അസ്വസ്ഥരാകും. അതുകൊണ്ട് നിങ്ങള്‍ക്ക് വിശാല മനസ്സുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക. ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കുക. ജുമുഅ (വെള്ളിയാഴ്ച പ്രാർഥന) വർഷത്തില്‍ 52 തവണ വരുന്നു. ഗംഗാ-യമുന സംസ്കാരത്തെയും സാഹോദര്യത്തെയും കുറിച്ചും സംസാരിക്കുന്നവരാണ് മുസ്ലീങ്ങള്‍. അപ്പോള്‍ ഹിന്ദുക്കള്‍ക്ക് ഒരു ജുമുഅ വിട്ടുനല്‍കുക,”- ഇതായിരുന്നു ബിജെപി എംഎല്‍എയുടെ പ്രസ്താവന.പിന്നാലെ എംഎല്‍എയുടെ പരാമർശത്തെ വിമർശിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. “മുസ്ലീം സഹോദരന്മാരോട് പുറത്തിറങ്ങരുതെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആരാണ് ഇത് പറയാൻ? എംഎല്‍എയുടെ അച്ഛൻ്റേതാണോ ഈ സംസ്ഥാനം? എങ്ങനെയാണ് ഇത്തരമൊരു പ്രസ്താവന നടത്താൻ അദ്ദേഹത്തിന് കഴിയുന്നത്?” തേജസ്വി യാദവ് ചോദിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും തേജസ്വി യാദവ് വിമർശനമുയർത്തി. മുഖ്യമന്ത്രി അബോധാവസ്ഥയിലാണ്. ദളിത് സ്ത്രീകള്‍ അവരുടെ അവകാശങ്ങളെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്ബോള്‍ അദ്ദേഹം അവരെ ശകാരിക്കുകയാണ്. എംഎല്‍എ ശകാരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ജെഡിയു ഇപ്പോള്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും കയ്യിലാണെന്നും മുഖ്യമന്ത്രിക്ക് തന്റെ കസേരയല്ലാതെ മറ്റൊന്നും പ്രശ്നമല്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.