സി പി സുഗതൻ
കേരളത്തിൽ ജാതി ചിന്ത ഇക്കാലത്തും വെച്ചു പുലർത്തുന്ന ഒരു വിഭാഗമാണ് ക്ഷേത്ര തന്ത്രിമാർ എന്നത് സത്യമായ ഒരു കാര്യമാണ്. ശബരി മലയിൽ ബ്രാഹ്മണർ പുജിച്ചാലെ പൂജ വരു എന്നതാണല്ലോ ദേവസ്വം ബോർഡും പറയുന്നത്. സർക്കാർ തന്നെ ഇത്തരം ജാതി വാദം പറയുമ്പോൾ തന്ത്രിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല!!. അവരുടെ തൊഴിലിന്റെ ഭാഗമായിട്ടായിരിക്കും അവർ ജാതി ചിന്തക്ക് ഇപ്പോഴും അടിമയായിരിക്കുന്നത് എന്നു തോന്നുന്നു.
കുടൽ മാണിക്യ ക്ഷേത്രത്തിൽ ഈഴവനായ കഴകം വന്നപ്പോൾ വാര്യർ കുടുംബത്തിൽ നിന്നും പരമ്പരാഗതമായി വരുന്ന കഴകം മതി എന്നു തന്ത്രിമാർ വാശി പിടിച്ചതു ജാതി ചിന്ത തന്നെയാണ്. വെള്ളാപ്പള്ളി പറഞ്ഞതു സത്യം. ഹിന്ദു ഐക്യം ഇല്ലാതാക്കാനേ തന്ത്രിമാരുടെ ഈ നടപടി ഉതകു. അവരുടെ ജാതി നിലപാടിനു മറയിടാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെലക്ട് ചെയ്ത കഴകം പയ്യൻ “കമ്മി ഇടതു പക്ഷക്കാരൻ” ആണെന്ന തൊടുന്യായം പറഞ്ഞു പരത്തിയത്.
ജാതി പറഞ്ഞു ഹിന്ദുക്കളെ തമ്മിൽ തല്ലിക്കുന്നവരിൽ ഭൂരിപക്ഷവും ഒന്നുകിൽ കമ്മ്യൂണിസ്റ്റ്കാർ ആയിരിക്കും അല്ലെങ്കിൽ മേൽപ്പടി ആൾക്കാർ ആയിരിക്കും. തന്ത്രിമാർ ഇല്ലാത്ത ഹിന്ദു ദേവാലയങ്ങളാണ് വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ. അവിടെ ജാതി ചിന്ത ഇല്ല തന്നെ. കുംഭമേളയിൽ 60കോടിയിൽപ്പരം ഹിന്ദുക്കൾ പങ്കെടുത്തു. ആരും ആരുടേയും ജാതി തിരക്കിയില്ല അവിടെ. താന്ത്രിക വിധിപ്രകാരമാണ് കുംഭമേള നടത്തിയിരുന്നതെങ്കിൽ, കയറ്റിയിറക്കു പണി CITU കുത്തകപോലെ, അതും ജാതി വാദികളുടെ കുത്തക ആയേനെ.!!
ജാതി ചിന്തയുടെ തിരുശേഷിപ്പുകൾ ഇന്നും കേരളത്തിൽ എല്ലാ രംഗങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. ജാതി രഹിതമായ ഒരു ഹിന്ദു സമൂഹത്തെ സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഭാരതത്തിലെ ഏക സംഘടന ‘സംഘം’മാത്രമാണ്. പക്ഷെ ഇങ്ങു കേരളത്തിൽ വന്നാൽ സംഘികളിൽ നല്ല ഒരു ശതമാനവും താന്ത്രിക ആചാരങ്ങളുടെ മറവിൽ, “ആചാരസംരക്ഷണം”പറഞ്ഞു ജാതി ചിന്തയെ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഉദാഹരണം, ഹിന്ദു ഐക്യവേദിയുടെ ശശികല ടീച്ചർ ആചാരങ്ങളുടെ പേരും പറഞ്ഞു ഈഴവൻ കഴകം ആവേണ്ട എന്ന നിലപാട് എടുത്തു കാണുന്നു. പൊതുവെ ഒരു കമ്മ്യൂണിസ്റ്റ് മെെൻഡ് സെറ്റുള്ള കേരളത്തിൽ പിന്നോക്ക-അടിസ്ഥാന ജനവിഭാഗങ്ങൾ ബിജെപിയോട് ഇന്നും അകൽച്ച പാലിക്കുന്നത് ഇങ്ങനെയുള്ളവരുടെ നിലപാടുകൾ കാരണമാണ്.