കോട്ടയം: പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അടിമാലി സ്വദേശി അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തു നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നാല് പേരടങ്ങുന്ന വിദ്യാർത്ഥി സംഘം കുളിക്കാനായി മീനച്ചിലാറ്റിലെ ഭരണങ്ങാനത്തെ കടവിൽ ഇറങ്ങിയത്. അടിയൊഴുക്ക് ശക്തമായ തുടർന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽ പെടുകയായിരുന്നു. ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുണ്ടക്കയം സ്വദേശി തെക്കേമല പന്ത പ്ലാക്കൽ വീട്ടിൽ ആൽബിൻ ജോസഫ് (21), അമൽ കെ. ജോമോൻ എന്നിവർ ഒഴുക്കിൽപ്പെട്ടു.
ആൽബിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കുളിക്കാൻ ഇറങ്ങിയ കടവിൽ നിന്നും 200 മീറ്റർ അകലെ നിന്നും കണ്ടെത്തിയിരുന്നു. ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. പാലായിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ.