റാന്നി: ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി.പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി വിനീതിനെ (32) യാണ് ബുധനാഴ്ച കാണാതായത്. ട്രെനിനുള്ളിലെ ശുചിമുറിയില്‍ പോയ ശേഷം വിനീതിനെ കാണാതാകുകയായിരുന്നു.
മംഗളൂരുവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വിനീത് ഉള്‍പ്പെടെ അഞ്ച് പേര് നാട്ടിലേയ്ക്ക് ട്രെയിനില്‍ വരികയായിരുന്നു. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ടതിന് പിന്നാലെ വിനീത് ശുചിമുറിയില്‍ പോകുന്നതിനായി എഴുന്നേറ്റിരുന്നു. സമയം കഴിഞ്ഞിട്ടും വിനീത് തിരികെ വരാതായതോടെ സുഹൃത്തുക്കള്‍ ശുചിമുറിയില്‍ അടക്കം പരിശോധന നടത്തി. എന്നാല്‍ വിനീതിനെ കണ്ടെത്താനായില്ല.
അതേസമയം ട്രെയിനില്‍ പിന്നിലെ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നയാള്‍ വാതിലിലൂടെ ഒരാൾ പുറത്തേയ്ക്ക് വീണതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി നാട്ടുകാരുമൊഴി ചേർന്ന് പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്തായാനായിട്ടില്ല. വിനീത് വീണതായി സംശയം തോന്നിയ സ്ഥലത്ത് നദിയുണ്ട്. വിനീത് അബദ്ധത്തില്‍ നദിയില്‍ വീണോ എന്നാണ് സംശയിക്കുന്നത്. നദിയില്‍ പരിശോധന നടത്തണമെന്നാണ് പോലീസ് പറയുന്നത്.