കൃത്രിമനിറങ്ങൾ ചേർത്ത ഭക്ഷണസാധനങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും ലഘുപാനീയങ്ങളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്.
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാരണത്താൽ നിരോധിച്ച കൃത്രിമ ഭക്ഷ്യനിറങ്ങള് ചേർത്തുള്ള ഭക്ഷണങ്ങളും സുലഭമാകുന്ന സാഹചര്യത്തിലാണ് കരുതൽ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനുവദനീയമായ ഭക്ഷ്യനിറങ്ങൾ അമിതമായ അളവിൽ ചേർക്കുന്നതും രോഗങ്ങൾക്ക് കാരണമാകും. ഇതെല്ലാം കണക്കിലെടുത്ത് ഭക്ഷണങ്ങളിലെ നിറത്തിനെതിരേ ബോധവത്കരണവും വകുപ്പ് നടത്തുന്നുണ്ട്.
കൃത്രിമനിറങ്ങൾക്ക് പകരം ഭക്ഷണസാധനങ്ങളിൽ പ്രകൃതിദത്തനിറങ്ങള് ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്. മഞ്ഞനിറത്തിന് മഞ്ഞൾപ്പൊടിയും ഓറഞ്ചിന് കാരറ്റും മെറൂണിന് ബീറ്റ്റൂട്ടും നീലയ്ക്ക് നീലശംഖുപുഷ്പവും ഉപയോഗിക്കാം. ഇവ ചേർത്താൽ കൃത്രിമനിറത്തിന്റെയത്ര തീവ്രത ലഭിക്കില്ലെങ്കിലും ആരോഗ്യം സുരക്ഷിതമായിരിക്കും.