പശ്ചിമബംഗാൾ : ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭിന്നിപ്പിച്ച് ഭരിക്കാന്‍ കഴിയുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. പലതരത്തില്‍ ആളുകള്‍ ഇളക്കി വിടാന്‍ വരും, എന്നാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും കൊല്‍ക്കത്തയില്‍ നടന്ന ജൈനസമൂഹത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മമത ബാനർജി പറഞ്ഞു.
സംസ്ഥാനത്ത് 33 ശതമാനം ന്യൂനപക്ഷങ്ങളുണ്ട് അവരെ എന്ത് ചെയ്യണമെന്നും മമത ചോദിച്ചു. രാഷ്ട്രീയ കെണിയിൽ വീഴരുതെന്നും പ്രകോപനങ്ങളിൽ വഞ്ചിതരാകരുതെന്നും ബാനർജി സമൂഹത്തോട് അഭ്യർത്ഥിച്ചു. ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കും. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന സന്ദേശം നിങ്ങൾ നൽകണം. ബംഗാളിൽ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, എന്നും മമത ബാനർജി വ്യക്തമാക്കി .അതേസമയം രാജ്യത്ത് ആദ്യമായാണ് പുതിയ വഖഫ് നിയമം നടപ്പാക്കില്ലെന്ന് ഒരു മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നത്.