തൃശ്ശൂർ: ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. തൃശ്ശൂർ ചേറ്റുവ സ്വദേശി നസറുദ്ദീൻ (30), ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന ആംബുലൻസിൽ പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം നടത്തുകയായിരുന്നു എന്ന് യുവാക്കൾ പറഞ്ഞു. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ആളുകൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ടോയെന്നും പോലീസ് അന്വേക്ഷിക്കുന്നുണ്ട്.