കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും.
പുലര്‍ച്ചെ 1.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം പുറപ്പെടുക. 172 പേരാണ് ആദ്യ യാത്രയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു യാത്രതിരിക്കുക. തീര്‍ഥാടകരില്‍ 77 പേര് പുരുഷന്മാരും 95 പേര് സ്ത്രീകളുമാണ്. സൗദി പ്രാദേശിക സമയം പുലര്‍ച്ചെ 4.35ന് തീര്‍ഥാടക സംഘം അവിടെയെത്തും. അതേദിവസം വൈകിട്ട് 4.30 ന് രണ്ടാമത്തെ വിമാനവും കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഈ വര്‍ഷത്തെ ഹജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ ഹജ് ഹൗസിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും.
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 16,194 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്ര പോകുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 348 പേരും ഇതില്‍ ഉള്‍പ്പെടും. ആകെ തീര്‍ഥാടകരില്‍ 6,630 പേര് പുരുഷന്മാരും 9,564 പേര് സ്ത്രീകളുമാണ്. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ വഴി 5,393 പേരും കൊച്ചി വഴി 5,990, കണ്ണൂര്‍ വഴി 4,811പേരുമാണ് ഈ വര്‍ഷം യാത്ര പോകുന്നത്. സംസ്ഥാനത്ത് നിന്നുള്ള 24 പേര് ഇതര സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക.