ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ നിരോധിച്ച് സര്‍ക്കാര്‍.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് അവാമി ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നാണ് അറിയിപ്പ്.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ICT) അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു.നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുഹമ്മദ് യൂനസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ട്രൈബ്യൂണലിന് അധികാരം നല്കുന്ന ഐസിടി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി. 1949-ല്‍ ആരംഭിച്ച അവാമി ലീഗ്, കിഴക്കന്‍ പാകിസ്ഥാനില്‍ സ്വയംഭരണത്തിനായി പോരാടിയതും 1971ലെ വിമോചന യുദ്ധത്തില്‍ ബംഗ്ലാദേശിന് നേതൃത്വം നല്കിയതുമായ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയാണ്.