പയ്യന്നൂര്‍: വിവാഹ ദിവസം നവവധുവിന്റെ നഷ്ടപ്പെട്ട 30 പവന് സ്വര്‍ണ്ണം തിരിച്ചു കിട്ടി.വീടിനു സമീപം ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴി എടുക്കാനായി എത്തിയ പൊലീസ് വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
പാലിയേരി കെഎസ്ഇബി മുന്‍ ഓവര്‍സീയര്‍ സി.മനോഹരന്റെ മകന് എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശി ആര്‍ച്ച എസ്. സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം ബന്ധുക്കളെ കാണിക്കാന്‍ ആഭരണം എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അലമാരയോ വാതിലോ തകര്‍ത്ത ലക്ഷണമില്ലായിരുന്നു. പയ്യന്നൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആഭരണങ്ങള്‍ കിട്ടിയത്. നഷ്ടപ്പെട്ട സ്വര്‍ണം മുഴുവനും തിരികെ കിട്ടിയെന്നാണു വിവരം.