ന്യൂഡൽഹി: സെപ്റ്റംബറിൽ ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നു.
ദീർഘകാല ശരാശരിയായ 167.9 മില്ലീ മീറ്ററിന്റെ 109 ശതമാനം മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ, ജമ്മു-കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശിന്റെ സമീപ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.