മുംബൈ: ഇന്ത്യ-പാക്ക് സംഘര്‍ഷം സങ്കീര്‍ണമാകുന്നതിനിടെ തിയറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര് റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമാണ് ഒടിടിയിലെത്തുക. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷന് സിന്ദൂര്‍’ നടത്തിയതിനു പിന്നാലെ സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ മാറ്റിവച്ചിരുന്നു.
ഇപ്പോഴിതാ രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടയില്‍ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. മേയ് 16ന് സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.
രാജ്യത്തുടനീളം ഉണ്ടായ സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, മഡോക് ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും ഭൂല്‍ ചുക് മാഫ് മേയ് 16ന് നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചു. ചിത്രം ലോകമെമ്പാടും പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകും. തിയറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷേ നിലവില്‍ രാജ്യത്തിനാണ് പ്രാധാന്യം. ജയ് ഹിന്ദ്”.എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മാഡോക് ഫിലിംസ് അറിയിച്ചത്.