കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ബാറ്ററിയിലെ ഇന്റേര്‍ണല്‍ ഷോര്‍ട്ടേജ് മൂലം സിപിയു യൂണിറ്റില്‍ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബാറ്ററി സൂക്ഷിച്ച മുറിയില്‍നിന്നാണു കെട്ടിടത്തില്‍ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീര്‍ത്തതാണ് ഷോര്‍ട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്.
മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. പരിശോധനകള്‍ തുടരുമെന്നാണ് വിവരം.
ചികിത്സാ സേവനങ്ങളും സൗകര്യങ്ങളും പുനഃസ്ഥാപിക്കാനുള്ള നടപടികളിലാണ് ആശുപത്രി. നിലവില്‍ താല്‍ക്കാലിക സജീകരണങ്ങള്ക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. പഴയ കാഷ്വാലിറ്റി ബ്ലോക്കില്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടുണ്ട്.