ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മണ്ഡി എംപിയും നടിയുമായ കങ്കണ റണൗട്ട്. മണാലിയിലെ കങ്കണയുടെ വീട്ടിലെ കറന്റ് ബില്‍ മുൻനിർത്തിയായിരുന്നു വിമര്‍ശനം. ഇപ്പോള്‍ താമസമില്ലാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഹിമാചലില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയെന്ന കാര്യം പറഞ്ഞത്.
‘ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നത്. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്. ബില്‍ കണ്ട് എന്തൊക്കെയാണ് നടക്കുന്നത് എന്നോർത്ത് എനിക്ക് ലജ്ജ തോന്നി’, എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാക്കാൻ ബിജെപി പ്രവര്‍ത്തകരോട് കങ്കണ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരോട് അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കങ്കണ ആഹ്വാനംചെയ്തു. ചെന്നായ്ക്കളുടെ പിടിയില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.