കൊച്ചി: കരുവന്നൂർ ബാങ്ക്തട്ടിപ്പിലെ സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതില്‍ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പുരോഗതിയിൽ എത്താത്തതെന്നും കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടുപോലും എന്തുകൊണ്ടാണ് നടപടിയെടുക്കാൻ വൈകുന്നതെന്നും ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ മുന്നോട്ടുപോയാൽ കേസ് സിബിഐയ്ക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതെന്നും കേസന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സർക്കാർ വാശിപിടിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
അന്വേഷണം വൈകുന്നതിന് വിചിത്രവാദമാണ് സർക്കാർ പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. വർഷങ്ങൾ നീണ്ട ഇടപാടുകളുടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാകാൻ മൂന്നുമാസത്തെ സമയം വേണ്ടിവരുമെന്നും പറഞ്ഞപ്പോൾ അത് കുറച്ചു കൂടിപ്പോയില്ലേയെന്ന് കോടതി ചോദിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും