ദില്ലി: പാകിസ്ഥാനിലെ ലാഹോറിൽ തുടർ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തിൽ വാൾട്ടൻ എയർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.
പഞ്ചാബ് പ്രവിശ്യയിലെ വോൾട്ടൺ റോഡ് പരിസരത്താണ് ഇന്ന് രാവിലെ സ്ഫോടനശബ്ദം കേട്ടത്. പിന്നാലെ കറാച്ചി, ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറിൽ സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇത് സംബന്ധിച്ച വിവരം പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്ഫോടനങ്ങളെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി റോഡുകളിൽ കൂട്ടംകൂടുന്നതായും ദൃശ്യങ്ങളിൽ കാണാം. വോൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ നിന്നാണ് സ്ഫോടന ശബ്ദം കേട്ടത്.