കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി. ജീവനോപാധി എന്നെന്നേക്കുമായി നഷ്ടമായവരാണെന്നും ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്.
ദുരന്തബാധിതരുടെ വായയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഇപ്പോൾ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടമെഴുതി തള്ളണമെങ്കിൽ കേന്ദ്രസർക്കാർ നിലപാട് എടുക്കണം. വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കാൻ ആകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ ബാങ്കുകളെ ഇതിനുവേണ്ടി നിർബന്ധിക്കാനാകില്ലെന്നും അത് അവർ കൈക്കൊള്ളേണ്ട തീരുമാനം ആണെന്നുമായിരുന്നു കേന്ദ്രസർക്കാർ നൽകിയ മറുപടി.
കോവിഡ് കാലത്തു എംഎസ്എംഇ കൾ വായ്പ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അത് നിരാകരിച്ച കാര്യവും കേന്ദ്രം ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴാണ് ഇത് കോവിഡ് കാലവുമായി ഒരു കാരണവശാലും താരതമ്യം ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി പറഞ്ഞത്. കോവിഡ് കാലത്ത് തൽക്കാലത്തേക്ക് വരുമാനം നിലച്ചു എന്ന് പറയാനാകൂ. എന്നാൽ വയനാട് ദുരന്തബാധിതരുടെ കാര്യം അങ്ങനെയല്ല. എന്നെന്നേക്കുമായി അവരുടെ ജീവനോപാധി നഷ്ടപ്പെട്ടതാണ്. അതിനാൽ അവരുടെ വായ്പകൾ എഴുതി തള്ളണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 12 ബാങ്കുകളിൽ നിന്നായി 320 കോടിയോളം രൂപയുടെ വായ്പയാണ് ഉള്ളത്. ഇതിൽ കേരള ബാങ്കിന്റെ കടം എഴുതിത്തള്ളിയെന്നും കോടതി ചൂണ്ടിക്കാണിച്ചു.