റിപ്പോ നിരക്ക് കാല് ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിൽ എത്തി. ഭവന വായ്പയിൽ അടക്കം ഇതോടെ പലിശഭാരം കുറയും. ഉയർന്ന് നിന്ന പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ ധനനയ സമിതി യോഗം ഐക്യകണ്ഠേനെ അംഗീകരിക്കുകയായിരുന്നു. വിപണിയിൽ ഇതോടെ കൂടുതൽ പണമെത്തുകയും ഭവന വാഹന വായ്പകള്‍ എടുത്തവര്‍ക്ക് പലിശ ഭാരത്തില്‍ കുറവ് വരികയും ചെയ്യും.
സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന അനുമാനം കൂടി ധനനയ സമിതി തീരുമാനത്തെ സ്വാധീനിച്ചു. നിലവില്‍ വിലക്കയറ്റം നാല് ശതമാനത്തില്‍ താഴെയാണ്. ഭക്ഷ്യ വിലക്കയറ്റവും ആശ്വാസകരമായ നിരക്കിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍ നിന്ന് 6.50 ശതമാനത്തിലേക്ക് കുറച്ചിരുന്നു. അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയെ ശക്തിപ്പെടുത്തുകയാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഈ കലണ്ടര്‍ വര്‍ഷം ഇത് രണ്ടാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.