തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 12 മുതൽ 20 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനം, സ്പെഷ്യൽ ദർശനം എന്നിവ ഉണ്ടാകില്ല.
1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകും. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.
ക്ഷേത്ര ശ്രീകോവിലിൽ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയിൽ ഉണക്കലരി, കണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും.