കൊല്ലം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയയെന്ന വിവാദത്തില്‍ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. കൊല്ലം കോട്ടുക്കല്‍ ദേവി ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്.
ഇത് ബോധപൂർവ്വം ചെയ്തതെന്നാണ് ദേവസ്വം ബോർഡിൻ്റ വിലയിരുത്തല്‍. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന നാട്ടുകാരൻ്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസ് എടുത്ത കേസിലും അന്വേഷണം തുടരുകയാണ്. നേരത്തെ വിപ്ലവ ഗാന വിവാദത്തിൻ്റെ പശ്ചാത്തലത്തില്‍ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ ഉപദേശക സമിതിയെയും ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.