കാസര്‍കോട്: തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. രമിതയുടെ ശരീരത്തില്‍ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് പ്രതിയായ രാമാമൃതം. ഇയാള്‍ പതിവായി മദ്യപിച്ച് കടയില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നതിനാല് രമിത കെട്ടിടം ഉടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കട ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാന്‍ കാരണം എന്നാണ് വിവരം.
25 വര്‍ഷമായി മുന്നാട്, പള്ളത്തിങ്കാല്‍ എന്നിവിടങ്ങളില്‍ വാടകമുറിയില്‍ താമസിച്ച് ഫര്‍ണിച്ചര്‍ നിര്‍മാണം നടത്തിവരികയായിരുന്ന ഇയാളുടെ തമിഴ്നാട്ടിലെ സ്ഥിരമേല്‍വിലാസം ഇനിയും ലഭ്യമായിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.