തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. ഹൈക്കോടതി വിധിയേയും ഭരണഘടനാ വ്യവസ്ഥകളേയും ഗവര്‍ണര്‍ വെല്ലുവിളിക്കുന്നെന്നും എല്ലാ സീമകളും ലംഘിക്കുന്നെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കുറ്റപ്പെടുത്തി. നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാലകളെ താറുമാറാക്കുന്നെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
ഉന്നതവിദ്യാഭ്യാസമേഖലയെ ഗവര്‍ണര്‍ കാവിവത്കരിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്കരിച്ച് ചുമതലയേറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. വിദ്യാര്‍ത്ഥികളെ അണിനിരത്തി ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുമെന്നും ഗോവിന്ദന് പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫ് നിലപാട് എന്തെന്നും അദ്ദേഹം ചോദിച്ചു.
സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസിമാരായി നിയമിച്ചത്. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക തഴഞ്ഞാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.