കേരളത്തില്‍ എല്ലാവര്ക്കും സുപരിചിതയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍. ദീര്‍ഘകാലത്തോളം കോണ്‍ഗ്രസിനെ നയിച്ച, സ്പീക്കറായും മറ്റു പദവികളിലും തിളങ്ങിയ ജി കാര്‍ത്തികേയന്റെ മകനും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ ഭാര്യ
കൂടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ .
നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ദിവ്യ. പല ഘട്ടങ്ങളിലും വിവാദം അവരുടെ കൂടെപ്പിറപ്പാണ്. തന്റെ ചുമതലകള്‍ക്കപ്പുറം മറ്റു കാര്യങ്ങളില്‍ ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊതുവേ സംസ്ഥാനത്ത് കുറവാണ്. അവിടെ ഏറെ വ്യത്യസ്തയാണ് ദിവ്യ.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം അവരുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. പലയാവര്‍ത്തി സിപിഎമ്മിന്റെ നേതാക്കളെ വാനോളം പുകഴ്ത്തി അവര്‍ രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരോട് വലിയ വിയോജിപ്പും പല ഘട്ടങ്ങളിലും ഉണ്ടായിട്ടുമുണ്ട്.
ഇപ്പോഴിതാ ആ എതിര്‍പ്പുകള്‍ വീണ്ടും കൂടിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രതികരണം അറിയിച്ചത്. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചത്. ‘കര്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം’ എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും കെകെ രാഗേഷിന്റെയും ചിത്രം പങ്കുവെച്ചുള്ള ദിവ്യ എസ് അയ്യറുടെ പോസ്റ്റ്.
ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍നിന്നു വീക്ഷിച്ച തനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു എന്നിവയാണ് അവയെന്നും ദിവ്യ കുറിച്ചു.
ഈ കുറിപ്പ് വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ഇടതു പ്രൊഫൈലുകളാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഈ പുകഴ്ത്തല്‍ അത്ര രസിച്ചില്ല. ശബരീനാഥന്റെ ഭാര്യ എന്നത് പരിഗണിച്ച് പ്രമുഖ നേതാക്കള്‍ ആരുംതന്നെ പരസ്യ പ്രതികരണവുമായി രംഗത്തു വന്നില്ലെങ്കിലും പലര്‍ക്കും അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദിവ്യ ആവോളം വിമര്‍ശിച്ച് മുന്നോട്ടു വരികയും ചെയ്തു.
ദിവ്യ എസ് അയ്യര്‍ സിപിഎം നേതാക്കളുടെ വിദൂഷകയാകുന്നു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ വിമര്‍ശനം. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു.
എന്നാല്‍ പിന്നെയും ദിവ്യ എല്ലാവരെയും വെല്ലുവിളിക്കുന്ന പ്രതികരണമാണ് നടത്തിയത്. കയ്പ്പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകള് ലോകത്തോട് വിളിച്ചു പറഞ്ഞതിനാണെന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും അവര്‍ പ്രതികരിച്ചു.
ഫലത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ തള്ളി പറയുകയാണ് ദിവ്യ. വിവാദങ്ങളില്‍ ഭര്‍ത്താവ് ശബരിനാഥന് പ്രതികരിക്കുന്നുമില്ല. യൂത്ത് കോണ്‍ഗ്രസ് ദിവ്യയ്ക്കെതിരെ രംഗത്ത് വരുമ്പോള്‍ വെട്ടിലാകുന്നത് ശബരിനാഥനാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രതികരണത്തിന് തയ്യാറാകാതെ കരുതലോടെ നീങ്ങാനാണ് ശബരിയുടെ തീരുമാനം.
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പോലും പരിഗണിക്കുന്ന പേരുകാരനാണ് ശബരിനാഥന്. മുന്‍ എംഎല്‍എയായ ശബരിനാഥന്റെ രാഷ്ട്രീയ പ്രവേശനം അച്ഛന് ജി കാര്‍ത്തികേയന്റെ മരണ ശേഷമായിരുന്നു. അച്ഛന്റെ സീറ്റായ അരുവിക്കരയില്‍ നിന്നും ശബരിനാഥ് രണ്ടു തവണ എംഎല്‍എയായി. കഴിഞ്ഞ തവണ തോല്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റായി ഉള്‍പ്പെടെ ശബരിയെ പരിഗണിക്കുന്നതിന് ഇടയിലാണ് ഭാര്യ ഉണ്ടാക്കുന്ന പുകിലുകള് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും അരുവിക്കര തന്നെ മത്സരിക്കുവാനും ശബരിക്ക് താത്പര്യമുണ്ട്.