തൃശ്ശൂർ:തൃശ്ശൂർ കാളത്തോട് ചിറ്റിലപ്പള്ളിയിൽ തിരക്കുള്ള റോഡിന്റെ നടുവിൽ അകപ്പെട്ടുപോയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മരിച്ചു. ചിറ്റിലപ്പള്ളി സ്വദേശി സിജോ തിമോത്തി (44) ആണ് മരിച്ചത്. തൃശ്ശൂർ കാളത്തോട് മണ്ണുത്തി പാതയിൽ ഇന്നലെ രാത്രി ഒമ്പതരക്കായിരുന്നു അപകടം. പൂച്ചയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിക്കവെയാണ് നടു റോഡിൽ പൂച്ചയെ കണ്ടത്. ഉടൻ തന്നെ ബൈക്ക് നിർത്തി പൂച്ചയെ റോഡിൽ നിന്ന് എടുത്തുമാറ്റാനായി ഓടിയിറങ്ങി. തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ഇടിച്ചു കാറിന്റെ മുന്നിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. സിജോയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെ വെച്ചായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ സിജോയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിജോയ്ക്ക് ജീവൻ നഷ്ടമായെങ്കിലും പൂച്ച അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.