സുല്‍ത്താന്‍ബത്തേരി: പ്രമുഖരായ ആര്‍ക്കെങ്കിലും ക്രിസ്തുമസ്-ന്യൂയര്‍ ആശംസകള്‍ എഴുതിയയക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചേനാട് ഗവ. സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ ശ്രേയാ ഷബിന് മുന്നില്‍ ആദ്യമെത്തിയ മുഖം പ്രിയങ്കാഗാന്ധി എം പിയുടെതായിരുന്നു. നാലാംക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ശ്രേയ പ്രിയങ്കാഗാന്ധിക്കായി ആശംസകള്‍ കുറിച്ചത്. സിലബസിലുള്ള പോസ്റ്റോഫീസ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പ്രമുഖരായവര്‍ക്ക് ആശംസകളെഴുതിയ കാര്‍ഡുകള്‍ അധ്യാപകര്ക്കൊപ്പമെത്തി കുട്ടികള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാര്‍ഡയച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ശ്രേയയെ തേടി പ്രിയങ്കാഗാന്ധിയുടെ മറുപടിയെത്തി.
ശ്രേയക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് സ്വന്തം കൈപ്പടയില്‍ തന്നെയായിരുന്നു പ്രിയങ്കാഗാന്ധി മറുപടിയെഴുതിയത്. പ്രിയങ്കാഗാന്ധിയുടെ ആശംസാകാര്‍ഡ് സ്കൂളില്‍ കിട്ടിയപ്പോള്‍ എല്ലാവര്ക്കും ഒരുപോലെ സന്തോഷം. ചേനാട് ഗവ. സ്കൂളിലെ പ്രധാനാധ്യാപകനായ ബിജുമാഷ് അസംപ്ലിയില്‍ വെച്ചാണ് പ്രിയങ്കാഗാന്ധിയുടെ ആശംസാകാര്‍ഡ് ശ്രേയക്ക് കൈമാറിയത്. ആറാംമൈല്‍ ചെതലയം ഷണ്മുഖവിലാസത്തില് ഷബിന്-അഞ്ജലി ദമ്പതികളുടെ മകളാണ് ശ്രേയ