ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍. 36 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും സമനില സമ്മതിച്ചത്. ഇതോടെ രണ്ട് പേര്‍ക്കും അഞ്ച് പോയിന്റ് വീതമായി.
ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാം സമനിലയാണ് ഇന്നത്തേത്. പതിനൊന്നാം മത്സരം നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ലിറന് പക്ഷെ അതിന്റെ മുന്‍തൂക്കമൊന്നും മത്സരത്തില്‍ നേടാനായില്ല. ഇരുവരും സാഹസികമായ നീക്കങ്ങളിലൂടെ വിജയത്തിനായി ശ്രമിച്ചതുമില്ല. തുടര്‍ച്ചയായി മൂന്ന് തവണ ഒരേ നീക്കം നടത്തി ഇരുവരും സമനിലയില്‍ പിരിഞ്ഞു.
ഇനി നാല് റൗണ്ട് മത്സരമാണ് ശേഷിക്കുന്നത്. അതില്‍ രണ്ടര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. അതായത് ശേഷിക്കുന്ന നാലില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയാലേ ഒരാള്‍ക്ക് കിരീടം ചൂടാന്‍ കഴിയൂ. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്.
14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ട് സമനിലയില്‍ കലാശിച്ചാല്‍ പിന്നീട് റാപ്പിഡ് സമയക്രമത്തിലുള്ള ടൈബ്രേക്കറിലൂടെയാണ് വിജയിയെ കണ്ടെത്തുക. അവിടെ തനിക്കുള്ള അപ്രമാദിത്തം മുതലാക്കുക എന്നതാകും ലിറന് കണക്കുകൂട്ടുന്നത്. റാപ്പിഡ് ചെസില്‍ ഡിങ് ലോകത്തെ രണ്ടാമത്തെ കളിക്കാരനാണ് ഗുകേഷിന്റെ സ്ഥാനം നാല്‍പ്പത്തിയേഴും.